ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ഡൽഹിയിൽ യുവാവിനെയും അനന്തിരവനെയും കൊലപ്പെടുത്തിയ സോനു മട്ക പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ഡൽഹി പൊലീസിന്റെയും ഉത്തർപ്രദേശ് എസ്ടിഎഫിന്റെയും സംയുക്ത നടപടിയിൽ സോനു മട്കയ്‌ക്ക് പരിക്കേറ്റു. ഇതിന് ശേഷം ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നു.
ദീപാവലി ദിനത്തിൽ അനന്തരവൻ ഋഷഭിനൊപ്പം വീടിന് പുറത്ത് തെരുവിൽ പടക്കം പൊട്ടിക്കുകയായിരുന്ന 40 കാരനായ ആകാശ് ശർമ്മയെയാണ് സോനു വെടി വെച്ച് കൊന്നത്. വെടിവെപ്പിൽ ആകാശ് ശർമ്മയും അനന്തരവൻ ഋഷഭും (16 )മരിച്ചു, ആകാശിന്റെ മകനായ 10 വയസുകാരൻ കൃഷ് ശർമ്മയ്‌ക്കും വെടിയേറ്റു.
സംഭവത്തിന് ശേഷം സോനു മട്കയ്‌ക്കുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരുന്നു. ബാഗ്പത് മീററ്റ് റോഡിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഹാഷിം ബാബ എന്ന കുറ്റവാളിയുടെ സംഘത്തിന്റെ ഷാർപ്പ് ഷൂട്ടറായിരുന്നു സോനു മട്ക എന്നാണ് പോലീസ് പറയുന്നത്.