എറണാകുളം: കൊച്ചിയിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ശുചീകരണ തൊഴിലാളിക്ക് പരിക്ക്. ഇടപ്പള്ളി സ്വദേശിനി നിഷയ്‌ക്കാണ് പരിക്കേറ്റത്. കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നിഷ ആശുപത്രിൽ ചികിത്സയിലാണ്. ഇടിച്ചിട്ട കാറുമായി ഡ്രൈവർ കടന്നുകളഞ്ഞു.
ഡിസംബർ 7-ാം തീയതിയാണ് അപകടമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശുചീകരണ തൊഴിലാളിയായ നിഷയും ഭർത്താവ് മാരിയപ്പനും പുലർച്ചെ മാലിന്യങ്ങൾ നീക്കം ചെയ്യാനായി ഇറങ്ങിയപ്പോഴായിരുന്നു അപകടം. അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ, നിഷയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ മാരിയപ്പനും നിസാര പരിക്കേറ്റിരുന്നു.
കാറിൽ നിന്നും ഡ്രൈവർ ഇറങ്ങിവന്ന് ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് കാറുമായി കടന്നുകളഞ്ഞു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് മാരിയപ്പൻ പറയുന്നു. യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നുവെന്നും കാർ കസ്റ്റഡിയിലെടുക്കുന്നതിനോ നഷ്ടപരിഹാരം വാങ്ങി നൽകുന്നതിനോ പൊലീസ് തയ്യാറായില്ലെന്ന് മാരിയപ്പൻ പറഞ്ഞു.