ലക്നൗ: യുപിയിലെ സംഭാലിൽ 46 വർഷമായി അടച്ചിട്ടിരിക്കുന്ന ക്ഷേത്രത്തിന് പുനർജന്മം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് പുരാതന ശിവക്ഷേത്രം കണ്ടെത്തിയത്. 1978 മുതൽ അടച്ചിട്ടിരിക്കുന്ന ക്ഷേത്രത്തിന്റെ കിണർ കെട്ടിടാവശിഷ്ടങ്ങൾ കൊണ്ട് മൂടിയ നിലയിലാണ്. ഷാഹി ജുമാ മസ്ജിദ് പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇത് ഭഗവാൻ ശിവന്റെ ക്ഷേത്രമാണ്. 1978ലെ വർഗീയ കലാപത്തെ തുടർന്ന് ഹിന്ദു കുടുംബങ്ങൾ പ്രദേശത്ത് നിന്ന് പലായനം ചെയ്തിരുന്നു. പിന്നീട് ഒരു പണ്ഡിറ്റും ഇവിടെ താമസിക്കാൻ ധൈര്യപ്പെട്ടിരുന്നില്ലെന്ന് ഹിന്ദു സഭയുടെ രക്ഷാധികാരി വിഷ്ണു ശരൺ റസ്‌തോഗി പറഞ്ഞു.
പ്രദേശത്തെ വൈദ്യുതി മോഷണവും അനധികൃത കയ്യേറ്റവും അന്വേഷിക്കാൻ എത്തിയതായിരുന്നു എഡിഎം വന്ദന മിശ്ര. ഇതിനിടെയാണ് താമസക്കാർ അടച്ചിട്ട ക്ഷേത്രം ശ്രദ്ധയിൽപ്പെടുത്തിയത്. സമാജ് വാദി എംപി സിയാവുർ റഹ്മാൻ ബർക്കിന്റെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെയാണ് ക്ഷേത്രം. ശിവലിംഗവും ഹനുമാന്റെയും നന്ദിയുടെയും വിഗ്രഹം പൊടിപിടിച്ച നിലയിലാണ്. ക്ഷേത്രം വൃത്തിയാക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.















