മോഹൻലാൽ നായകനായ വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നയൻതാര. കരിയറിന്റെ തുടക്കകാലത്ത് അഭിനയം മെച്ചപ്പെടുത്തുന്നതിന് തന്നെ ഏറെ സഹായിച്ച സിനിമയായിരുന്നു വിസ്മയത്തുമ്പത്തെന്നും മോഹൻലാലിന്റെ ഒരുപാട് ഉപദേശങ്ങളും നിർദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും നയൻതാര പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യകാല അഭിനയജീവിതത്തെ കുറിച്ച് താരം മനസുതുറന്നത്.
‘ഓരോ തവണ അഭിനയിക്കുമ്പോഴും ഭാവങ്ങളും വികാരങ്ങളും മനസിന്റെയുള്ളിൽ നിന്ന് വരണമെന്ന് മോഹൻലാൽ സർ പറയുമായിരുന്നു. അദ്ദേഹം എന്നെ അത് ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ നിരന്തരം ഇങ്ങനെ പറയുന്നത് എന്നെ ഒരുപാട് അലോസരപ്പെടുത്തിയിരുന്നു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ലെന്ന് ഒരു ദിവസം അദ്ദേഹത്താേട് ഞാൻ പറഞ്ഞു. ഒരുപാട് ഉപദേശങ്ങൾ കേൾക്കുമ്പോൾ ഇതൊന്നും ഓർമിക്കാൻ എനിക്ക് കഴിയുന്നില്ലെന്നും പേടിയല്ലാതെ മറ്റൊന്നും എന്റെയുള്ളിൽ ഇല്ലെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ടതും മോഹൻലാൽ സാർ ചിരിക്കാൻ തുടങ്ങി’.
‘അഭിനയ ജീവിതത്തിലേക്ക് കടന്ന സമയത്ത് തന്നെ ഫാസിൽ സാറിനെ പോലെയുള്ള വ്യക്തികളോടൊപ്പം എനിക്ക് വർക്ക് ചെയ്യാൻ സാധിച്ചു. അതെന്റെ അഭിനയത്തെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. സിനിമയുടെ പാഠശാലയാണ് ഫാസിൽ സാർ. കഥാപാത്രം എങ്ങനെയാണ് ഒരാളുടെ ഉള്ളിൽ നിന്ന് ഉണ്ടാകുന്നതെന്ന് എനിക്ക് അറിയില്ലെന്ന് അദ്ദേഹം ഒരു ദിവസം എന്നോട് പറഞ്ഞിരുന്നു. അതിന്റെ അടുത്ത ദിവസം എന്നെ കൊണ്ട് കഴിയുന്നത് പോലെ പരമാവധി കഷ്ടപ്പെട്ട് അഭിനയിച്ചു. അന്ന് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. നിന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും നയൻതാര പറഞ്ഞു.















