കോട്ടയം: വിവാദ വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കോട്ടയത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ നാടിനോട് കൂറുളള മുസ്ലീം സഹോദരൻമാരും സഹോദരികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മെക് സെവനിൽ നടക്കുന്ന കാര്യങ്ങൾ സംശയാസ്പദമാണ്. കാരണം അതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും എൻഡിഎഫും ഉൾപ്പെടെയുളള ശക്തികളുണ്ട് എന്ന് വിശ്വസിക്കാൻ മതിയായ നിരവധി കാര്യങ്ങളുണ്ട്. അതുകൊണ്ട് സംസ്ഥാന സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പലരും വ്യായാമം എന്ന നിലയ്‌ക്ക് മാത്രമാണ് ഇതിനൊക്കെ പോകുന്നത്. മറ്റൊന്നും മനസിലാക്കിയിട്ടുണ്ടാകില്ല. അങ്ങനെയുളളവർ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളെക്കുറിച്ച് കൂടി മനസിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
മെക് സെവനെക്കുറിച്ച് സിപിഎം ആശങ്ക ഉന്നയിക്കുന്നുണ്ടെങ്കിൽ നല്ല കാര്യമാണ്. കാരണം സിപിഎമ്മിന് ചില കാര്യങ്ങളിൽ തിരിച്ചറിവ് ഉണ്ടാകുന്നത് വൈകിയാണ്. വൈകിയാണെങ്കിലും തിരിച്ചറിവ് ആർക്കെങ്കിലും ഉണ്ടാകുന്നുണ്ടെങ്കിൽ നല്ല കാര്യമാണ്. അതുകൊണ്ടാണ് ധാരാളം സിപിഎമ്മുകാർ ബിജെപിയിലേക്ക് വരുന്നതെന്നും തിരിച്ചറിവ് ഉണ്ടാകുമ്പോൾ അവർ ബിജെപിയിലേക്ക് വരുകയാണ് ചെയ്യുന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ ഉൾപ്പെടെയുളളവർ വി. മുരളീധരനൊപ്പം ഉണ്ടായിരുന്നു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആണ് മെക് സെവൻ വ്യായാമ കൂട്ടായ്മയ്‌ക്കെതിരെ ആദ്യം രംഗത്ത് വന്നത്. മലബാറിൽ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയ്‌ക്ക് പിന്നിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകളാണെന്നും പി മോഹനൻ ആരോപിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദത്തിന് മറയിടാനുളള നടപടിയാണെന്നും തീവ്രവാദികളെയും കൂട്ടിയുളള ഏർപ്പാടാണിതെന്നും പി മോഹനൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര അന്വേഷണ ഏജൻസികളും ഇക്കാര്യത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.