മാറ്റത്തിന് മാത്രമല്ല ഫോമിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനും ഒരു മാറ്റവുമില്ലെന്ന് വീണ്ടും തെളിയിച്ചു. അവസാന മിനിട്ടുവരെ മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സിന് വീണ്ടും ഞെട്ടിപ്പിക്കുന്ന തോൽവി. കൊൽക്കത്തയിലെ സാൾട്ട്ലേക്കിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ 3-2 നാണ് മഞ്ഞപ്പടയെ വീഴ്‌ത്തിയത്. ജാമി മക്ലാരന്‍, ജേസണ്‍ കമ്മിംഗ്‌സ്, ആല്‍ബെര്‍ട്ടോ റോഡ്രിഗസ് എന്നിവരാണ് ബഗാന് വേണ്ടി വലകുലുക്കിയത്. 11 മത്സരങ്ങളിൽ 26 പോയിന്റുമായി അവർ പട്ടികയിൽ തലപ്പത്തെത്തി. 85-ാം മിനിട്ടുവരെ 2-1ന് മുന്നിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരം കൈവിട്ടത്.
മഞ്ഞപ്പടയ്‌ക്ക് വേണ്ടി ജിമിനെസ്(51), മിലോസ് ഡ്രിൻസിച്ച്(77) എന്നിവരാണ് ഗോൾ നേടിയത്. മോഹൻ ബഗാൻ അവസാന രണ്ടു ഗോളുകൾ നേടിയത് 86, 90+5 മിനിട്ടുകളിലായിരുന്നു. മലയാളി താരം ആഷിഖ് കുരുണിയന്റെ നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ മുറുവിൽ മുളക് തേച്ചത്. ഇടതു വിങ്ങിൽ ബഗാന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചതും മലയആളി താരമായിരുന്നു.
സീസണിലെ ഏഴാം തോൽവിയോടെ മഞ്ഞപ്പട 11 പോയിൻ്റുമായി പത്താം സ്ഥാനത്താണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ കൊമ്പന്മാർ ആറാം സ്ഥാനം നേടണം. എന്നാൽ ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് അതൊരു വലിയ വെല്ലുവിളിയാണ്. കാരണം ഇനി ചുരുക്കം മത്സരങ്ങൾ മാത്രമെ ആദ്യഘട്ടത്തിൽ ശേഷിക്കുന്നുള്ളു.