കൊച്ചി: ലോകമാതാ അഹല്യാബായി ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷം ഞായറാഴ്ച (ഡിസംബർ 15) കൊച്ചിയിൽ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന സാസ്‌കാരിക സമ്മേളനമാണ് സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യുക.
3.30 ന് എറണാകുളം ശിവക്ഷേത്ര പരിസരത്ത് നിന്നും ശോഭായാത്രയും ഒരുക്കിയിട്ടുണ്ട്. അഹല്യാബായി ഹോൾക്കറുടെ വേഷധാരികളായ ബലികമാർ, വിവിധ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ശോഭായാത്രയ്‌ക്ക് മിഴിവേകും.
സ്ത്രീ ശാക്തീകരണവും നമുക്ക് മുന്നേ നടന്നവരുടെ ചരിത്രം അനാവരണം ചെയ്യുകയുമാണ് ലക്ഷ്യമെന്ന് ആഘോഷ സമിതി വർക്കിങ് പ്രസിഡന്റ് എസ്.ജെ.ആർ. കുമാർ പറഞ്ഞു. സ്ത്രീശാക്തീകരണം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന വിഷയമാണ്. അതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നമുക്ക് മുൻപേ നടന്നവരിൽ നമ്മുടെ സംസ്‌കാരവും സമാധാനവും കാത്ത് സൂക്ഷിക്കുന്നതിനും അഖണ്ഡഭാരതത്തിനായും ധീരമായ പോരാട്ടം നയിച്ച നിരവധിയാളുകളുണ്ട്. അതിൽ മുൻപിൽ നിൽക്കുന്ന വനിതയാണ് ലോകമാതാ അഹല്യാബായി ഹോൾക്കർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാൾവാ രാജ്യത്തിന്റെ മഹാറാണിയും ഭാരതത്തിന്റെ ആത്മീയ തീർത്ഥാടന കേന്ദ്രങ്ങളുടെ പരിഷ്‌ക്കർത്താവുമായിരുന്നു ലോകമാതാ അഹല്യാബായി ഹോൾക്കർ. ആഘോഷത്തിന്റെ നടത്തിപ്പിനായി സ്വാമി അനഘാമൃതാനന്ദപുരി, റിട്ട. ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണൻ, ആർ.വി. ബാബു, ഡോ. അർച്ചന എന്നിവർ രക്ഷാധികാരികളായ 51 അംഗ ആഘോഷ സമിതിയാണ് രൂപീകരിച്ചിരുന്നത്.















