ദുബായ്: ഇലക്ട്രിക്കൽ വാഹനങ്ങൾ ചാർജ് ചെയ്യാൻ കൂടുതൽ ചാർജിംഗ് സൗകര്യങ്ങൾ ഒരുക്കി ദുബായ് ജലവൈദ്യുതി വകുപ്പ്. ദുബായിലുടനീളം കൂടുതൽ ‘ഗ്രീൻ ചാർജർ’ സ്റ്റേഷനുകൾ സ്ഥാപിച്ചു. 2050 ഓടെ കാർബൺ മലിനീകരണമില്ലാത്ത രാജ്യമെന്ന യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാകും പദ്ധതി.
നിലവിൽ ദുബായിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 34,970 ആണ്. ഇലക്ട്രിക് വാഹന രംഗത്തെ ധ്രുതഗതിയിലുള്ള ഈ വളർച്ചക്ക് പിന്നിൽ ദീവയുടെ ചാർജിംഗ് പോയിന്റുകൾക്ക് നിർണായകമായ പങ്കുണ്ട്. ഈ സാഹചര്യത്തിലാണ് എമിറേറ്റിലുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ പുതുതായി സ്ഥാപിച്ചത്. വിപുലീകരണത്തോടെ എമിറേറ്റിലെ ഇ.വി. ചാർജിങ് പോയിന്റുകളുടെ എണ്ണം 740 ആയി.
ഇതിൽ മിക്ക ചാർജിംഗ് സ്റ്റേഷനുകളിലും ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് ചാർജ് ചെയ്യാം. ചാർജിങ് നടപടികൾ ലളിതമാക്കാൻ ഗ്രീൻ ചാർജിങ് കാർഡുകളും അതോറിറ്റി നൽകും. വൈദ്യുതി വാഹനം ആർടിഎയിൽ റജിസ്റ്റർ ചെയ്തവർക്ക് ചാർജിംഗ് കാർഡുകൾ ലഭിക്കും. ഗ്രീൻ ചാർജിംഗ് കാർഡ് ഉള്ളവർക്കാണ് ഗ്രീൻ ചാർജർ ഉപയോഗിക്കാൻ കഴിയുക. കാർഡുകൾ ഇല്ലാത്തവർക്ക് ഗെസ്റ്റ് മോഡ് തെരഞ്ഞെടുത്തു താൽക്കാലികമായി ചാർജിംഗ് പൂർത്തിയാക്കാം.
വാഹനത്തിന് അനുയോജ്യമായ ചാർജിംഗ് പാക്കേജുകളും ഇതിൽ ലഭ്യമാണ്. സമയപരിധി അനുസരിച്ച് വാഹനങ്ങൾ ചാർജ് ചെയ്യാൻ ആവശ്യമായ പാക്കേജുകൾ തെരഞ്ഞെടുക്കാം. യുഎഇയിൽ കഴിഞ്ഞ വർഷം മാത്രം 14,000 ഇലക്ട്രിക് കാറുകളാണ് വിറ്റത്. ദീവയുടെ വെബ്സൈറ്റ്, ആപ്പ്, മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എന്നിവയിൽനിന്ന് ചാർജിംഗ് പോയിന്റുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.