ബ്രിസ്ബെയ്ൻ: ഗാബ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ തകർച്ചയുടെ വക്കിൽ. 22 റൺസെടുക്കുന്നതിനിടെ മൂന്ന് പേരാണ് കൂടാരം കയറിയത്. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 445-ൽ അവസാനിച്ചിരുന്നു. അലക്സ് ക്യാരി 70 റൺസെടുത്ത് മൂന്നാം ദിനം ടോപ് സ്കോററായി. ബുമ്രയ്‌ക്ക് ആറു വിക്കറ്റ് ലഭിച്ചു. സിറാജിന് രണ്ടും. അകാശ് ദീപും ഇന്ന് ഒരു വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ ഒരിക്കൽ കൂടി മിച്ചൽ സ്റ്റാർക്കിന് വിക്കറ്റ് നൽകി യശസ്വി ജയ്സ്വാളാണ് ആദ്യം വീണത്. നേരിട്ട രണ്ടാം പന്തിലായിരുന്നു പുറത്താകൽ.
ശുഭ്മാൻ ഗില്ലിനും മൂന്നു പന്തിൻ്റ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ഒരു റണ്ണായിരുന്നു സമ്പാദ്യം. സ്റ്റാർക്കിന്റെ തന്നെ ഇരയായിരുന്നു. 16 പന്തുകൾ അതിജീവിച്ചെങ്കിലും കോലിയും പതിവ് ശൈലിയിൽ തന്നെ പുറത്തായി. ഹേസിൽവുഡാണ് 3 റൺസെടുത്ത താരത്തെ പുറത്താക്കിയത്. ഇന്ത്യ വലിയൊരു തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് രക്ഷകനായി മഴയെത്തിയത്. 9.4 ഓവറിൽ 27/3 എന്ന നിലയിലാണ് ഇന്ത്യ. 14 റൺസുമായി കെ.എൽ രാഹുലും നാല് റൺസെടുത്ത പന്തുമാണ് ക്രീസിൽ. ഇപ്പോഴും 416 റൺസ് പിന്നിലാണ് സന്ദർശകർ.















