ഗുരുതരമായ വെളിപ്പെടുത്തലുമായി ബെംഗളൂരുവിൽ ജീവനൊടുക്കിയ ടെക്കിയുടെ പിതാവ് പവൻകുമാർ മോദി. മകന്റെ ഭാര്യ നികിതയും മാതാവും എന്റെ മകനെ ഒരു എടിഎം എന്ന നിലയിലായിരുന്നു കണ്ടിരുന്നത്. അവർക്ക് ആവശ്യം പണം മാത്രമായിരുന്നുവെന്നും പവൻകുമാർ പറഞ്ഞു. തിങ്കളാഴ്ചയാണ് ഭാര്യക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ച് യുവാവ് ജീവനൊടുക്കിയത്.
ബെംഗളൂരുലെ വീട്ടിലാണ് 34-കാരൻ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഇവർക്കെതിരെ 90 മിനിട്ട് ദൈർഘ്യമുള്ള ഒരു വീഡിയോയും 24 പേജുളള ഒരു ആത്മഹത്യ കുറിപ്പും എഴുതിയിട്ടുണ്ടായിരുന്നു. ഭാര്യയിൽ നിന്നും കുടുംബത്തിൽ നിന്നും നേരിട്ട പീഡനങ്ങളാണ് വിവരിച്ചത്. 2021-ൽ ഒരു ഒത്തുതീർപ്പിന് നികിത സമ്മതിച്ചിരുന്നു. 20 ലക്ഷം വാങ്ങി വിവാഹമോചനം നൽകാമെന്നായിരുന്നു ഇത്. സ്ത്രീധനത്തിന്റെ ഒരു ലിസ്റ്റും അവൾ നൽകിയിരുന്നു. അതെന്റെ പക്കലുണ്ട്.
അവർ ഒത്തുതീർപ്പിന് സമ്മതിച്ചിരുന്നെങ്കിലും ഉദ്ദേശം മറ്റെന്തോ ആണെന്ന് മകന് സംശയമുണ്ടായിരുന്നു. പണം നൽകിയാലും വിവാഹമോചനം നൽകില്ലെന്ന് അവൻ വിശ്വസിച്ചിരുന്നു. ഇതോടെ വിവാഹമോചനത്തിന് ശേഷം പണം നൽകാമെന്ന് അവൻ പറഞ്ഞിരുന്നു. തുടർന്നാണ് മകനെതിരെ കള്ളക്കേസുകൾ നൽകിയതും 3 കോടി രൂപ ആവശ്യപ്പെട്ടതും— പവൻകുമാർ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നികിത സിംഗാനിയയെയും മാതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.