ഹൂസ്റ്റൺ: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം ഉയരുന്നു. ലോക സമാധാനത്തിന്റെ പ്രതീകമായി സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്ഷേത്രം നിർമിക്കുന്നത്. പ്രശസ്തമായ ശ്രീ മീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായി അഞ്ച് ഏക്കർ ഭൂമിയിലാണ് ക്ഷേത്രം പണിയുന്നത്.
ആറ്റുകാൽ തന്ത്രി വാസുദേവ ഭട്ടതിരിയുടെ പ്രാർത്ഥനയോടുകൂടിയാണ് ക്ഷേത്ര നിർമാണ വിളംബരം നടന്നത്. പ്രവാസി മലയാളികൾക്ക് കുടുംബക്ഷേത്രങ്ങളിലോ പരദേവതാ ക്ഷേത്രങ്ങളിലോ നിന്ന് ഒരു പിടി മണ്ണ് കൊണ്ടുവന്ന് പുതിയ ക്ഷേത്ര ഭൂമിയിൽ പ്രതിഷ്ഠിക്കാനുള്ള അപൂർവ അവസരവും ഒരുക്കിയിട്ടുണ്ട്.. കുടുംബത്തിന്റെയും വംശത്തിന്റെയും രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന പരദേവതകളുടെ ആചാരപരമായ ധർമങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ആത്മീയ സംരക്ഷണം ഉറപ്പാക്കപ്പെടുമെന്നാണ് വിശ്വാസം. ഇതുലൂടെ ഹിന്ദു ഗൃഹങ്ങളെ അയോദ്ധ്യയുമായി ആത്മീയ ബന്ധത്തിലേക്കു നയിക്കുന്ന സമഗ്ര സംരംഭമായി ക്ഷേത്രം മാറും.
2025 നവംബർ 23ന് ബാലാലയ പ്രതിഷ്ഠ കർമ്മം നടത്താനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി അയോദ്ധ്യ ക്ഷേത്രത്തിന്റെ മാതൃകയിൽ ഹനുമാൻ പ്രതിഷ്ഠ ഉൾപ്പെടെ ഉള്ള ഭവ്യക്ഷേത്രം, കുടുംബ പാരമ്പര്യത്തിലെ ക്ഷേത്ര സങ്കല്പ ഇടങ്ങൾ, വിശാലമായ ആശ്രമം എന്നിവ നിർമിക്കും. 2026 നവംബർ 24ന് ആദ്യ ഘട്ടം പൂർത്തിയാകും.
അനുബന്ധമായി ഹിന്ദു സമൂഹത്തെ ശാക്തീകരിക്കുന്ന വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. സനാതന ഹിന്ദു സർവകലാശാല, ആഗോള ധനകാര്യ സ്ഥാപനം എന്നിവ ഇതിൽ പ്രധാനമാണ്. ആഗോള ധനകാര്യ സ്ഥാപനത്തിന്റെ രൂപീകരണം 2027 നവംബർ 24ന് നടക്കും. ഒപ്പം സർവ്വകലാശാലയുടെ സ്ഥാപനവും നടക്കുമെന്ന് കോർഡിനേറ്റർ രഞ്ജിത് പിള്ള അറിയിച്ചു.
ക്ഷേത്ര നിർമാണ വിളംബരം ചടങ്ങിൽ മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, എസ്എൻഡിപി യോഗം ഉപാദ്ധ്യ ക്ഷൻ തുഷാർ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് എം. സംഗീത് കുമാർ, മുംബൈ രാമഗിരി ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദഗിരി, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് നിഷ പിള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.