ന്യൂഡൽഹി: രാജ്യത്തിന് മുതൽക്കൂട്ടാകുന്ന കണ്ടെത്തലുമായി ഗവേഷകസംഘം. ഇന്ത്യയുടെ സമുദ്രപരിധിക്കുള്ളിൽ വൻ ധാതുനിക്ഷേപം ഉണ്ടാകാനുള്ള സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി ( NIOT), നാഷണൽ സെന്റർ ഫോർ പോളാർ ഓഷ്യൻ റിസർച്ച് ( NCPOR) എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം സംയുക്തമായി നടത്തിയ സമുദ്രാന്തർഭാഗ പര്യവേക്ഷണത്തിലാണ് കണ്ടെത്തൽ.
സമുദ്രത്തിനടിയിൽ 4,500 മീറ്റർ താഴ്ചയിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രോതെർമൽ സൾഫൈഡുകളുടെ വലിയൊരു മേഖല കണ്ടെത്തി. ധാതുനിക്ഷേപങ്ങൾ ധാരാളമുള്ള സ്ഥലങ്ങളിലാണ് ഇവ കാണപ്പെടുക. ചൂടുള്ള ദ്രാവകങ്ങൾ തണുത്ത കടൽജലവുമായി കൂടിച്ചേരുമ്പാഴാണ് ഹൈഡ്രോതെർമൽ സൾഫൈഡ് ഫീൽഡ‍് രൂപപ്പെടുന്നത്. NIOT വികസിപ്പിച്ച ‘ഓഷ്യൻ മിനറൽ എക്‌സ്‌പ്ലോറർ’ എന്ന ആളില്ല അന്തർവാഹിനി ഉപയോഗിച്ചാണ് പര്യവേക്ഷണം നടത്തിയത്. ഗവേഷണ കപ്പലായ സാഗർ നിധിയിലാണ് പര്യവേക്ഷണം നടന്നത്.
അന്തർവാഹിനിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് വൻ ധാതുനിക്ഷേപം കണ്ടെത്തിയത്. സ്വർണം, വെള്ളി, കോപ്പർ തുടങ്ങിയവ ഹൈഡ്രോതെർമൽ സൾഫൈഡുകളുള്ള പ്രദേശത്ത് കാണപ്പെടാൻ സാധ്യതയുണ്ട്. സമുദ്രാന്തര പര്യവേക്ഷണം നടത്താനുള്ള സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിക്കപ്പെട്ടതോടെ കൂടുതൽ ഗവേഷണങ്ങൾക്ക് തയ്യാറെടുക്കകയാണ് ശാസ്ത്രജ്ഞർ.
High Resolution Deep Sea Exploration and Imaging at 4500 m depth of Hydrothermal sulphides field at the Central and South West Indian Ridges in Southern Indian Ocean was done successfully, by the team of Scientists [NIOT & NCPOR] led by Dr.N.R.Ramesh, Scientist-G, NIOT during… pic.twitter.com/K3k6YFJ6tn
— MoES NIOT (@MoesNiot) December 16, 2024
സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനൊപ്പം സമുദ്ര വിഭവങ്ങളെയും ജൈവവൈവിധ്യങ്ങളെയും കുറിച്ചത് അറിയാനും ലക്ഷ്യമിടുന്ന ഇന്ത്യയുടെ ദൗത്യത്തിന്റെ ഭാഗമായാണ് പുത്തൻ പര്യവേക്ഷണം. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്‌ക്കും ഇത് ആക്കം കൂട്ടുമെന്ന് തീർച്ച. സമുദ്രനിരപ്പിൽ നിന്ന് 6,000 മീറ്റർ താഴ്ചയിൽ പര്യവേക്ഷണം ചെയ്യാനൊരുങ്ങുന്ന സമുദ്രയാൻ പദ്ധതിക്കും ഇത് ഗുണകരമാകും.