ന്യൂഡൽഹി: ഗവർണർ പങ്കെടുത്തുന്ന സ്കൂൾ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്കെന്ന വാർത്ത തള്ളി ആരിഫ് മുഹമ്മദ് ഖാൻ. താൻ അത്തരമൊരു ഉത്തരവോ സർക്കുലറോ പുറപ്പെടുവിച്ചിട്ടില്ലെന്നും അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിയുകയില്ലെന്നും ഗവർണർ വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ 46-ാമത് വാർഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയുടെ സർക്കുലറാണ് വിവാദത്തിനാധാരം.
തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേരെ സ്കൂളിലാണ് കറുത്ത വസ്ത്രത്തിന് വിലക്ക് ഏർപ്പെടുത്തിയതായി വാർത്തകൾ വന്നത്. ഗവർണർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കറുപ്പ് വസ്ത്രം നിരോധിച്ചെന്നായിരുന്നു വാർത്ത. സ്കൂൾ അധികൃൃതരാണ് ഇതുസംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മാതാപിതാക്കൾക്കും ക്ഷണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചടങ്ങിനെത്തുന്ന മാതാപിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്.
എന്തിനാണ് അങ്ങനെയൊരു സർക്കുലർ പുറത്തിറക്കിയതെന്ന് ആരാഞ്ഞ ഗവർണർ, സംഭവം താൻ അറിഞ്ഞിട്ടില്ലെന്ന് പ്രതികരിച്ചു. വയനാട്ടിൽ വനവാസി യുവാവിനെതിരായ അക്രമം ദൗർഭാഗ്യകരമാണെന്നും മെക്ക് 7 വ്യായാമക്കൂട്ടായ്മക്ക് പിന്നിൽ നിരോധിത സംഘടനകൾ ഉണ്ടെങ്കിൽ ഏജൻസികൾ പരിശോധിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു,