മലപ്പുറം:അരീക്കോട് എസ്.ഒ.ജി ക്യാമ്പിലെ കമാൻഡോയുടെ ആത്മഹത്യയിൽ കൂടുതൽ തെളിവുകൾ പുറത്ത്. മാനസികമായി വലിയൊരു പീഡനമാണ് വിനീത് നേരിട്ടതെന്നാണ് സൂചന.വിനീത് ജീവനൊടുക്കിയത് അവധി ലഭിക്കാത്ത മനോവിഷമത്തിലും വകുപ്പിൽ നിന്നും നേരിടുന്ന മാനസിക പീഡനങ്ങളുടെയും പശ്ചാത്തലത്തിലാണെന്ന തെളിവുകളാണ് പുറത്തുവന്നത്.
എസ്.ഒ.ജി റിഫ്രഷ് കോഴ്‌സിന്റെ പേരിൽ വിനീത് നേരിട്ടത് കടുത്ത പീഡനമായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു കോഴ്‌സിന്റെ തുടക്കം റിഫ്രഷർ കോഴ്‌സിൽ പരാജയപ്പെട്ടെന്ന് കാട്ടി വിനീതിന് കടുത്ത ശിക്ഷ നൽകി. ക്യാമ്പിലെ ശുചിമുറി വൃത്തിയാക്കിക്കുകയും തുടർച്ചയായി ഗാർഡ് ഡ്യുട്ടിയും നൽകി.സെക്കന്റുകൾ വൈകിയെന്ന് കാട്ടിയായിരുന്നു വിനീതിനെ റിഫ്രഷ് കോഴ്‌സിൽ പരാജയപ്പെടുത്തിയത് ഡിസംബറിൽ വീണ്ടും പരിശീലനത്തിന് ചേരാൻ ആവശ്യപ്പെട്ടു. ഡിസംബറിൽ ഭാര്യയുടെ പ്രസവ ചികിത്സയ്‌ക്കായി വിനീത് അവധിക്ക് അപേക്ഷിച്ചിരുന്നു
എന്നാൽ ഒറ്റ ദിവസം പോലും വിനീതിന് അവധി നൽകിയില്ല. ഡിസംബറിലെ 30 ദിവസത്തെ പരിശീലനം കഴിയാതെ അവധി നൽകില്ലെന്ന് പറഞ്ഞു. ഇതിനായി എസ്.ഒ.ജി ഇറക്കിയ ഓർഡറാണ് പുറത്തുവന്നത്. മാവോയിസ്റ്റ് വേട്ടയ്‌ക്കും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായുള്ള എസ്ഒജിക്കു പരിശീലനം നൽകുന്ന കേന്ദ്രത്തിലാണ് പൊലീസുകാരൻ ജീവനൊടുക്കിയത്.