ഷാർജ: യുഎഇയിൽ ബസ് മറിഞ്ഞ് അപകടം. 83 തൊഴിലാളികളുമായി പോയ ബസാണ് മറിഞ്ഞത്. സംഭവത്തിൽ 9 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഷാർജയിലെ ഖോർഫക്കൻ മേഖലയിൽ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെടുകയും നിയന്ത്രണംവിട്ട് മറിയുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നയുടൻ തന്നെ ഷാർജ പൊലീസിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തുകയും രക്ഷാദൗത്യം ഏകോപിപ്പിക്കുകയും ചെയ്തു. 73 യാത്രക്കാരെ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഖോർ ഫക്കനിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വാദി വിഷി റൗണ്ടബോട്ടിന് സമീപമായിരുന്നു അപകടം നടന്നത്.
റോഡിലൂടെ പോകുമ്പോൾ നിർബന്ധമായും ട്രാഫിക് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തേണ്ടതിന്റെ പ്രാധാന്യവും റോഡിലൂടെ സഞ്ചരിക്കുമ്പോൾ അശ്രദ്ധ ഉണ്ടാകരുതെന്നും തുരങ്കങ്ങൾ, വളവുകൾ എന്നിവിടങ്ങളിലെത്തുമ്പോൾ വേഗപരിധിക്ക് അനുസൃതമായി വാഹനം ഓടിക്കണമെന്നും ഷാർജ പൊലീസ് പറഞ്ഞു.













