കൊച്ചി: അഭിഭാഷകരെ തെരുവുനായ്‌ക്കളോട് ഉപമിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിനെതിരെ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകരെ മൊത്തത്തിൽ അപകീർത്തിപ്പെടുത്തുന്നതല്ല പരാമർശമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
2016 ൽ അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിലായിരുന്നു കേസ്. പരാമർശം അഭിഭാഷക സമൂഹത്തെ മൊത്തത്തിൽ ഉദ്ദേശിച്ചല്ലെന്നും അക്രമത്തിൽ പങ്കെടുത്തവരെ മാത്രമാണ് ഉദ്ദേശിച്ചതെന്നും കോടതി വിലയിരുത്തി.
മജിസ്‌ട്രേറ്റ് കോടതിയുടെ സമൻസിനെ തുടർന്നാണ് ഡോ. സെബാസ്റ്റ്യൻ പോൾ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് ജി ഗിരീഷ് ആണ് ഹർജി പരിഗണിച്ചത്.