കൊല്ലം: നിർദ്ധനയായ വീട്ടമ്മയ്‌ക്ക് 17,445 രൂപയുടെ വൈദ്യുതി ബിൽ വരാൻ കാരണം വയറിംഗിലെ പിഴവ്. കെഎസ്ഇബി അധികൃതർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വീട്ടമ്മ തുക അടക്കേണ്ടതില്ലെന്നും വയറിംഗ് നടത്തിയ ഇലക്ട്രീഷ്യനിൽ നിന്നും തുക ഈടാക്കാമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.
കൊല്ലം ഏലൂർ സ്വദേശി അമ്പിളിക്കാണ് 17, 445 രൂപ വൈദ്യുതി ബില്‍ ലഭിച്ചത്. പണിതീരാത്ത കൊച്ചുവീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഒരു മുറിയും ഹാളും അടുക്കളയുമുള്ള വീട്ടിൽ ഒരു ഫ്രിഡ്ജും രണ്ടു ഫാനും അഞ്ച് എൽഇഡി ബൾബുകളും മാത്രമാണ് ആകെയുള്ളത്. വൈദ്യുതി ബിൽ കയ്യിൽ കിട്ടിയ വീട്ടമ്മയ്‌ക്ക് ഷോക്കടിച്ച സ്ഥിതിയായിരുന്നു. സംഭവം വാർത്തയായതോടെ കെഎസ്ഇബിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
ഇതിന് പിന്നാലെയാണ് കെഎസ്ഇബി അഞ്ചൽ ഈസ്റ്റ് സെക്ഷൻ ഉദ്യോഗസ്ഥർ അമ്പിളിയുടെ വീട്ടിൽ എത്തി പരിശോധന നടത്തിയത്. കിണറിൽ സ്ഥാപിച്ച മോട്ടോർ മെയിൻ സ്വിച്ചിലേക്ക് നേരിട്ട് ബന്ധിപ്പിച്ചത് മൂലം വൈദ്യുതി വലിയ അളവിൽ പാഴായതാണ് ബിൽ കൂടാൻ കാരണമെന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തൽ. കിണറിലെ വെള്ളത്തിലും വൈദ്യുതി പ്രവഹിച്ചിരുന്നു. നിലവിൽ മോട്ടോർ പ്രവർത്തന രഹിതമാണ്. കിണറിൽ നിന്നും വെള്ളം കോരുമ്പോൾ വൈദ്യുതാഘാതം ഏൽക്കാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അഞ്ചൽ ഈസ്റ്റ് എ.ഇ ധ്യാൻ ബിയാന്റോസ് പറഞ്ഞു.















