കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പരാതി. പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
സമൂഹമാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പി പി ദിവ്യ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യൂട്യൂബറായ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദിവ്യ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി.പി ദിവ്യ ഇയാൾക്കെതിരെ ജീവനക്കാരുടെ മുൻപിൽ വെച്ച് അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. പി പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്രോൾ പമ്പിന്റെ നിർമാണത്തിന് പെർമിറ്റ് നൽകാൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.
പി പി ദിവ്യക്കെതിരെ കേസെടുക്കാൻ മടിച്ച പൊലീസ് പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. എന്നാൽ കേസെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ തളളിയതിന് പിന്നാലെ ദിവ്യ പൊലീസിൽ കീഴടങ്ങുകയായിരുന്നു. 14 ദിവസത്തെ റിമാൻഡിൽ കഴിഞ്ഞ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിവ്യയെ സ്വീകരിക്കാൻ ഉന്നത സിപിഎം നേതാക്കൾ ജയിലിലേക്കെത്തിയിരുന്നു.















