ലക്നൗ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ മേഘാലയക്കെതിരെ കേരളം മികച്ച ലീഡിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെന്ന നിലയിലാണ്. നേരത്തെ മേഘാലയയുടെ ആദ്യ ഇന്നിങ്സ് വെറും 25 റൺസിന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ നന്ദന്റെ പ്രകടനമാണ് മേഘാലയ ബാറ്റിങ് നിരയെ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത മേഘാലയയുടെ ബാറ്റിങ് നിരയിൽ ഒരാൾ പോലും രണ്ടക്കം കടന്നില്ല. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റെടുത്ത അബ്ദുൾ ബാസിത് എതിരാളികളുടെ തകർച്ചയ്‌ക്ക് തുടക്കമിട്ടു. വാലറ്റത്തെയും മധ്യനിരയെയും ചുരുട്ടിക്കെട്ടി നന്ദൻ മേഘാലയയെ വെറും 25 റൺസിൽ ഒതുക്കി. 7.3 ഓവറിൽ വെറും ഏഴ് റൺസ് മാത്രം വിട്ടുകൊടുത്താണ് നന്ദൻ ആറ് വിക്കറ്റ് വീഴ്‌ത്തിയത്. ഇഷാൻ കുനാലും ലെറോയ് ജോക്വിൻ ഷിബുവും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. നെവിനും ലെറോയ് ജോക്വിൻ ഷിബുവും ചേർന്ന് 88 റൺസ് കൂട്ടിച്ചേർത്തു. നെവിൻ 38 റൺസെടുത്ത് പുറത്തായെങ്കിലും പിന്നാലെയെത്തിയവർക്കൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയ ലെറോയ് അനായാസം സെഞ്ച്വറി പൂർത്തിയാക്കി. 139 പന്തുകളിൽ 18 ഫോറുകളടക്കം 109 റൺസാണ് ലെറോയ് നേടിയത്. കളി നിർത്തുമ്പോൾ ക്യാപ്റ്റൻ ഇഷാൻ രാജ് 44ഉം തോമസ് മാത്യു അഞ്ചും റൺസുമായി ക്രീസിലുണ്ട്.















