ന്യൂഡൽഹി: ഫ്രാൻസിലെ മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്ന് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ ഫ്രാൻസ് ഈ ദുരന്തത്തെ പുനരുജ്ജീവനശേഷിയോടെയും നിശ്ചയദാർഢ്യത്തോടെയും അതിജീവിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളിൽ അഗാധമായ ദുഖമുണ്ട്. എന്റെ ചിന്തകളും പ്രാർത്ഥനകളും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ്. പ്രസിഡന്റ് @EmmanuelMacron ന്റെ നേതൃത്വത്തിന് കീഴിൽ ഫ്രാൻസ് ഈ ദുരന്തത്തെ പുനരുജ്ജീവനശേഷിയോടെയും നിശ്ചയദാർഢ്യത്തോടെയും അതിജീവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.”എക്സിലെ പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
മഡഗാസ്കറിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിലാണ് മയോട്ടെ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഫ്രാൻസിന്റെ നിയന്ത്രണത്തിലാണ് ദ്വീപ്. 3,20,000 ജനസംഖ്യയുള്ള ഈ ദ്വീപിൽ കഴിഞ്ഞ ദിവസം ചിഡോ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. മണിക്കൂറിൽ 136 മൈൽ (220 km/h) വേഗത്തിലുള്ള അതിശക്തമായ കാറ്റാണ് ദ്വീപിനെ തകർത്തത്. കനത്ത മഴയും ഉണ്ടായി. കാറ്റിൽ നിരവധി വീടുകൾ തകർന്നു. വൈദ്യുതിത്തൂണുകൾ നിലംപതിച്ചു. റോഡുകളും കെട്ടിടങ്ങളും ഉൾപ്പെടെ വിവിധ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിച്ചു. മരണസംഖ്യ ആയിരം കടന്നെന്ന് സംശയം.















