ചിക്കൻ ബിരിയാണി ഇഷ്ടപ്പെടുന്നവർ ഏറെയാണ്. വില കൂടിയാലും ഇഷ്ടവിഭവം ഒഴിവാക്കാതെ കഴിക്കാൻ വാങ്ങുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തെ നരസിപട്ടണത്തും ഇത്തരത്തിൽ ചിക്കൻ ബിരിയാണി പ്രേമികൾ ഒഴുകിയെത്തി, കാരണം വേറെയൊന്നുമല്ല വെറും നാല് രൂപയ്ക്ക് ചിക്കൻ ബിരിയാണി കൊടുക്കുന്നു.
നർസിപട്ടണത്ത് ഡിസംബർ 15 ന് ‘അൺലിമിറ്റഡ് മൾട്ടിക്യുസൈൻ റെസ്റ്റോറൻ്റ്’ എന്ന പേരിൽ ഒരു റെസ്റ്റോറൻ്റ് തുറന്നു. നരസിപട്ടണം ബസ് സ്റ്റാൻഡിന് സമീപം ആരംഭിച്ച ഈ റെസ്റ്റോറൻ്റിന്റെ പ്രചരണാർത്ഥം സംഘാടകർ ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. 4 രൂപയ്‌ക്ക് ചിക്കൻ ബിരിയാണിയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൻ പ്രചാരണമാണ് ഇവർ നടത്തിയത്.
ഈ എക്സ്ക്ലൂസീവ് ഓഫർ രാവിലെ 10 മുതൽ 12 വരെ മാത്രമേ ലഭ്യമാകൂ എന്നും ഇവർ അറിയിച്ചിരുന്നു . പ്രതീക്ഷിച്ചതു പോലെ തന്നെ മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച് ആളുകൾ രാവിലെ തന്നെ ഈ റെസ്റ്റോറൻ്റിലേക്ക് ഒഴുകിയെത്തി.
മണിക്കൂറുകൾക്കുമുമ്പ് റസ്‌റ്റോറൻ്റിലെത്തിയ ബിരിയാണി പ്രേമികൾ കുട്ടികളെയും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടിയിരുന്നു. ഓഫർ അറിഞ്ഞെത്തിയ വാഹനയാത്രികർ പോലും യാത്ര മാറ്റിവെച്ച് ക്യൂവിൽ ചേർന്നു. ഇതോടെ റസ്റ്റോറൻ്റിന്റെ പരിസരം മുഴുവൻ ആളുകളെക്കൊണ്ട് നിറഞ്ഞു. ഗതാഗത പ്രശ്‌നങ്ങൾ ഉടലെടുത്തു. ഈ തിരക്ക് അറിഞ്ഞ് പൊലീസ് എത്തി. തങ്ങൾ പറഞ്ഞ 2 മണിക്കൂർ കാലയളവിനുള്ളിൽ 3000 പേർക്ക് ചിക്കൻ ബിരിയാണി നൽകിയത് വെറും 4 രൂപയ്‌ക്കാണെന്ന് സംഘാടകർ പറയുന്നു.