ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലിന് പിന്നാലെ താരത്തിന് ആദരവറിയിച്ച് നിരവധി ക്രിക്കറ്റ് താരങ്ങൾ സന്ദേശങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സഹതാരം പേസർ മുഹമ്മദ് ഷാമിയാണ് അശ്വിനായി ഇൻസ്റ്റഗ്രാമിൽ വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അർഹിക്കുന്ന ഒരു വിടപറയലാണ് അശ്വിന് ലഭിച്ചിരിക്കുന്നത്. താരം നൽകിയ സംഭാവനകളും അർപ്പണബോധവും ഇന്ത്യൻ ക്രിക്കറ്റിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും ഷമി പങ്കുവച്ച കുറിപ്പിൽ പറയുന്നു.
“രവിചന്ദ്രൻ അശ്വിൻ ഇന്ന് അനിവാര്യമായ ഒരു വിരമിക്കലിലേക്ക് കടക്കുകയാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ക്രിക്കറ്റ് കരിയറിന് ഈ ഘട്ടത്തിൽ ആദരവർപ്പിക്കുന്നു. അശ്വിന്റെ സംഭാവനകളും ആത്മസമർപ്പണവും നമുക്കിടയിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുമ്പോൾ ഭാവിയിൽ വരാനിരിക്കുന്ന ദൗത്യങ്ങൾക്ക് വിജയാശംസകൾ നേരുന്നു” ഷമി കുറിച്ചു.
ഗാബയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ച ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അശ്വിൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകോത്തര ബൗളർ എന്നതിനേക്കാളുപരി ടീമിന് നിർണായക ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ഒരു മികച്ച ഓൾറൗണ്ടർ കൂടിയായിരുന്നു. അശ്വിൻ. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നേടിയ നിർണായക സെഞ്ച്വറികൾ ഇതിന് തെളിവാണ്. 2011-ൽ ഇന്ത്യയ്‌ക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച താരം ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടി. വ്യത്യസ്ത പിച്ചുകളുമായി പൊരുത്തപ്പെടാനും ആധിപത്യം സ്ഥാപിക്കാനുമുള്ള താരത്തിന്റെ കഴിവ് ക്രിക്കറ്റ് ലോകത്ത് ഏറെ പ്രശംസ നേടിയിട്ടുണ്ട്.















