ഒരിക്കല്ലെങ്കിലും മുളയരി ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പഴമക്കാർ പറയുന്നത് നിങ്ങൾ കേട്ടിരിക്കും. ധാരാളം പോഷകഘടകങ്ങളുള്ള പല ഭക്ഷ്യവസ്തുക്കളെയും ഇന്നത്തെ തലമുറ മാറ്റി നിർത്തുന്നുവെന്നതാണ് യാഥാർത്ഥ്യം. അതിൽപ്പെട്ട ഒന്നാണ് മുളയരി. സാധാരണ അരിയെക്കാൾ കൂടുതൽ പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്ന മുളയരിയെ കുറിച്ച് ഇനിയും അറിയാതെ പോകരുത്..
രുചിയിൽ അൽപം മധുരമുള്ളതാണെങ്കിലും മറ്റേത് അരിയും പോലെ പാകം ചെയ്ത് കഴിക്കാൻ സാധിക്കുന്ന അരിയാണിത്. പൊങ്കൽ പോലുള്ള ഉത്സവങ്ങളിലാണ് മുളയരി കൂടുതലായി ആളുകൾ ഉപയോഗിക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുവാണ് മുളയരി. ഇത് പ്രമേഹത്തെ തടയാൻ സഹായിക്കുന്നു. സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന വന്ധ്യതയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുന്നതിനും മുളയരി കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.
പിസിഒഡി പോലുള്ള രോഗങ്ങളുള്ള സ്ത്രീകൾ മുളയരി കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അണ്ഡോത്പാദന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നത് സഹായിക്കുന്നു. നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു കൂടിയാണിത്. അതിനാൽ കൊളസ്‌ട്രോൾ കുറയ്‌ക്കുന്നു. ഫ്‌ളവനോയിഡുകൾ, ആൽക്കലോയിഡുകൾ, പോളിസാക്രൈഡുകൾ എന്നിവ മുളയരിയിൽ അടങ്ങിയിട്ടുള്ളതിനാൽ അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള സന്ധിവേദന പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.
ഹോർമോൺ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങൾ ഇന്ന് വർദ്ധിച്ചു വരികയാണ്. ഇത്തരം പ്രശ്‌നങ്ങൾ അകറ്റാനും രക്തസമ്മർദ്ദം കുറയ്‌ക്കാനും മുളയരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇത് നല്ലതാണ്. മുളയരിയിലെ ,നാരുകൾ ദഹനം മെച്ചപ്പെടുത്തുന്നു. പ്രോട്ടീന്റെ കലവറയാണ് മുളയരി. ചോറായോ, പായസത്തിന്റെ രൂപത്തിലോ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.