ഇടുക്കി: പോക്‌സോ കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിന് പ്രതിയുടെ കടിയേറ്റു. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ ആയ അജേഷ് കെ ജോണിന് കയ്യിൽ കടിയേറ്റത്. ഇദ്ദേഹത്തിന്റെ കയ്യിൽ മുറിവേറ്റിട്ടുണ്ട്. മൂന്നാറിന് സമീപം കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിലാണ് പൊലീസ് പ്രതിയെ പിടികൂടാനെത്തിയത്. പ്രതിയെ പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ഇയാൾ എസ്‌ഐയെ കടിച്ചത്. എസ്‌ഐയുടെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ തമിഴ്‌നാട്ടിൽ എത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് തടയാനും നാട്ടുകാർ ശ്രമം നടത്തി.
പ്രതിയെ ജീപ്പിൽ കയറ്റിയതിന് പിന്നാലെ നൂറോളം ഗ്രാമവാസികളാണ് വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചത്. ഒടുവിൽ ഇവരുടെ എതിർപ്പ് മറികടന്നാണ് പൊലീസ് സംഘം പ്രതിയെ വാഹനത്തിൽ കയറ്റി മൂന്നാറിലെത്തിച്ചത്. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.