വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ബുധനാഴ്ച അതിതീവ്ര ന്യൂനമർദമായി മാറി വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ്. ഇത് 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ മുന്നറിയിപ്പ് അനുസരിച്ച് ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. നാളെ മുതൽ 24 വരെ തമിഴ്‌നാട്, പുതുച്ചേരി, കാരയ്‌ക്കൽ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് മണിക്കൂറിൽ 55 കി.മീ വേഗതയിൽ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും മാന്നാർ ഉൾക്കടലിലും അതിനോട് ചേർന്നുള്ള കന്യാകുമാരി കടൽ, ആന്ധ്രാ തീരം, എന്നിവിടങ്ങളിലും വീശിയേക്കാം. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് വിശാഖപട്ടണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രക്ഷുബ്ധമായ സാഹചര്യമായതിനാൽ ഞായറാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. പല ജില്ലകളിലും കടൽ പ്രക്ഷുബ്ധമായി തുടരുന്നു, തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം.
ഇതുകൂടാതെ,ഈ മാസം അവസാനത്തോടെ ആൻഡമാൻ ദ്വീപുകൾക്ക് സമീപമുള്ള പ്രദേശത്ത് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടുമെന്ന് ഒരു യൂറോപ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവചിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ദന, ഫെംഗൽ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടിരുന്നു . ഒക്ടോബർ മുതൽ ഡിസംബർ 1 വരെ ആറോളം ന്യൂനമർദങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം നവംബർ-ഡിസംബർ മാസങ്ങളിൽ വിവിധ ചുഴലിക്കാറ്റുകൾ തമിഴ്നാടിന് സമീപം തീരം കടക്കുമെന്നും വിദഗ്ധർ പറയുന്നു.