തുടർച്ചയായ മൂന്നാം ജയത്തോടെ സന്തോഷ് ട്രോഫിയിൽ ക്വാർട്ടർ ഉറപ്പിച്ച് കേരളം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഒഡീഷയെ വീഴ്ത്തിയത്. മൂന്നാം മത്സരത്തിലും മുഹമ്മദ് അജ്സൽ കേരളത്തിനായി സ്കോർ ചെയ്തു. ആദ്യ പകുതിയിൽ കേരളം 1-0 ന് മുന്നിലായിരുന്നു. 42-ാം മിനിട്ടിൽ അജ്സലാണ് കേരളത്തിന്റെ അക്കൗണ്ട് തുറന്നത്. രണ്ടാം പകുതിയിൽ 53-ാം മിനിട്ടിൽ നസീബ് റഹ്മാനും കേരളത്തിനായി വല കുലുക്കി.
മറുപടി ഗോളുകൾക്കായി ഒഡീഷ കിണഞ്ഞ് ശ്രമിച്ചെങ്കിലും കേരളത്തന്റെ പ്രതിരോധം പാറ പോലെ ഉറച്ചുനിന്നു. ക്യാപ്റ്റൻ ജി.സഞ്ജും സംഘവും കെട്ടിയുറപ്പിച്ച പ്രതിരോധ കോട്ട തകർക്കാൻ ഒഡീഷയ്ക്ക് കഴിഞ്ഞില്ല. ഗ്രൂപ്പ് ബിയിൽ 9 പോയിൻ്റ് നേടിയാണ് കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. കേരളം ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗോവയെയും രണ്ടാം മത്സരത്തിൽ മേഘാലയെയും തോൽപ്പിച്ചിരുന്നു.