തിരുവനന്തപുരം: ശംഖുമുഖത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പദ്ധതിയുടെ മറവിൽ നടക്കുന്നത് ടൂറിസം വകുപ്പിന്റെ കൊള്ള. തറ വാടകയിനത്തിൽ മാത്രം 75,000 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. 5 കോടി രൂപയുടെ പദ്ധതി രണ്ട് തവണയാണ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തത്. നാളിതുവരെയായിട്ടും ഇവിടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ പോലും നടത്താൻ ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ഇതുവരെ 3 കോടിയോളം രൂപ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പദ്ധതിക്കായി ചിലവഴിച്ചിട്ടുണ്ട്. തറ വാടകയായി ഈടാക്കുന്ന തുക പൂർണമായി വകുപ്പിന് ലഭിക്കില്ല. ഒന്നരയേക്കർ തീരദേശഭൂമി ട്രിക്കോസ് എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ 2 വർഷമായി ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ചില വിവാഹങ്ങൾ മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തതിനാൽ ശംഖുമുഖം പലരും വിവാഹത്തിനായി തെരഞ്ഞെടുക്കാറില്ല. ഫുഡ് കോർട്ട്, കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് രണ്ടാംഘട്ട ഉദ്‌ഘാടനം നടത്തിയതെന്നാണ് മന്ത്രിയുടെ വാദം. കടുത്ത തീരശോഷണം നേരിടുന്ന ശംഖുമുഖം തീരത്ത് ഇത്രയുമധികം പണം ചെലവാക്കുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ കൂടി ഏർപ്പെടുത്തേണ്ടതായിട്ടുണ്ട്. എന്നാൽ അവയൊന്നും ഇതുവരെ നടപ്പാക്കിയിട്ടുമില്ല.