എറണാകുളം: കൊച്ചി, വെണ്ണലയിൽ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ശ്മശാനത്തിൽ കൊണ്ടുപോകാൻ പണമില്ലാത്തതിനാലാണ് മുറ്റത്ത് കുഴിച്ചിട്ടതെന്ന് മകൻ പ്രദീപ് പൊലീസിനോട് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. വെണ്ണല സ്വദേശിനി 70-കാരിയായ അല്ലിയാണ് മരിച്ചത്.
വീട്ടുമുറ്റത്തെ തെങ്ങിൻചുവട്ടിൽ അമ്മയെ കുഴിച്ചിട്ടുവെന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോൾ മദ്യലഹരിയിലായിരുന്നു പ്രദീപ്. ഇയാൾ എന്നും മദ്യപിച്ച് ബഹളം ഉണ്ടാക്കാറുണ്ടെന്നും അമ്മയെ കൊലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. ഇതോടെ പൊലീസിന്റെ സംശയം ബലപ്പെട്ടു. തുടർന്ന് പൊലീസ് പ്രദീപിനെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.
പൊലീസ് മൃതദേഹം പുറത്തെടുത്ത് കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനും വിധേയമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണത്തിൽ അസ്വാഭാവികതയില്ലെന്ന് വ്യക്തമായത്. കടുത്ത പ്രമേഹം ബാധിച്ചാണ് വയോധിക മരിച്ചത്.
ആന്തരികാവയവങ്ങൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷമായിരിക്കും അന്വേഷണം ഔദ്യോഗികമായി പൂർത്തിയാകുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ തുടർനടപടികളിലേക്ക് കടക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.