തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കുട്ടിസഖാക്കളുടെ ആക്രമണത്തിന് ഇരയായ ദിവ്യാംഗനായ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് അനസിന് കോളേജിലും സമൂഹമാദ്ധ്യലം വഴിയും എസ്എഫ്ഐക്കാർ അധിക്ഷേപിക്കുന്നതായി പരാതി. കോളേജിൽ പിന്തുടർന്നെത്തുന്നുവെന്നും ഭിന്നശേഷിയെ കുറിച്ച് പറഞ്ഞ് കളിയാക്കുകയാണെന്നും അനസ് പറയുന്നു.
എസ്എഫ്ഐ മുൻ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ മർദ്ദിച്ച കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറേറ്റിൽ മൊഴി നൽകാനെത്തിയപ്പോഴാണ് അനസിന്റെ വെളിപ്പെടുത്തൽ. കോളേജിലെ അന്വേഷണസമിതി വീണ്ടും മൊഴി രേഖപ്പെടുത്തിയെങ്കിലും മർദ്ദനം ഉണ്ടായിട്ടില്ലെന്ന് വരുത്തി തീർക്കാനാണ് അദ്ധ്യാപകർ ശ്രമിക്കുന്നതെന്നും അനസ് ആരോപിക്കുന്നു. ഇല്ലാത്ത സാക്ഷികളെ വരെ സംഘടിപ്പിച്ചാണ് പ്രതികൾക്ക് സംരക്ഷണമേർപ്പെടുത്തുന്നത്.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും കുട്ടിസഖാക്കളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെന്നും അതിനാൽ തന്നെ അറസ്റ്റ് രേഖപ്പെടുത്താനാകില്ലെന്നാണ് കൻ്റോൺമെൻ്റ് പൊലീസ് നൽകുന്ന വിശദീകരണം.
ആക്രമണത്തിനിരയായ അനസ് എസ്എഫ്ഐ പ്രവർത്തകനാണ്. കൊടി തോരണങ്ങൾ കെട്ടാൻ എത്തിയില്ലെന്നും പരിപാടികളിൽ സജീവമായി പ്രവർത്തിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കുട്ടിസഖാക്കൾ ഇടിമുറിയിലിട്ട് തല്ലിചതച്ചത്.
അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ ചവനിട്ടിയും ഇരുമ്പ് കമ്പി കൊണ്ട് തലയ്‌ക്കടിച്ചുമായിരുന്നു ആക്രമണം. ഇത് തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കോളേജിലെ യൂണിറ്റ് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടിരുന്നു.















