ഉണ്ണി മുകുന്ദൻ നായകനായി തിയേറ്ററിലെത്തിയ, ചിത്രം മാർക്കോയെ നെഞ്ചേറ്റി പ്രേക്ഷകർ. മലയാള സിനിമാലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഉഗ്രൻ മാസ് ചിത്രമെന്നാണ് പ്രേക്ഷകർ മാർക്കോയെ വിശേഷിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ വാനോളം പുകഴ്‌ത്തുകയാണ് ആരാധകർ. ഹനീഫ് അദേനി ഒരുക്കിയ ചിത്രം മലയാളികൾ ഏറ്റെടുത്തുവെന്നാണ് ആദ്യ ഷോ കഴിയുമ്പോൾ വ്യക്തമാകുന്നത്.
മലയാളത്തിൽ കണ്ടതിൽ വച്ച് ഏറ്റവും വലിയ വയലൻസ് ചിത്രമാണ് മാർക്കോയെന്നാണ് പ്രേക്ഷകർ പറയുന്നത്. “ഹോളിവുഡ് സ്റ്റൈലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചില സീനുകൾ കാണുമ്പോൾ അറിയാതെ ഞെട്ടി പോകും, കണ്ണ് തുറന്ന് കാണാൻ പോലും പറ്റാത്ത അത്രയധികം വയലൻസ് ചിത്രത്തിലുണ്ട്. നല്ല കഥ പറയുന്ന സിനിമയാണിത്. ഇമോഷണൽ സീനുകളും ഒരുപാടുണ്ട്”.
“സിനിമ കണ്ടിറങ്ങുമ്പോഴും ചില സീനുകൾ മനസിൽ നിന്ന് പോകുന്നില്ല. മലയാളത്തിൽ ഇനി ഇങ്ങനെയൊരു സിനിമ ഇറങ്ങുമോ എന്ന് തന്നെ സംശയമാണ്. ഉണ്ണി മുകുന്ദന്റെ ഇതുവരെ കാണാത്തൊരു മുഖമാണ് ചിത്രത്തിൽ കണ്ടത്. ക്ലൈമാക്സ് സീനുകളും ഫൈറ്റും കണ്ടിരിക്കാൻ കഴിയില്ല, അത്രയധികം വയലൻസ് നിറഞ്ഞതാണ് മാർക്കോ. കെജിഎഫിലെ റോക്കിയെ പോലെയാണ് മാർക്കോയിലെ ഉണ്ണി മുകുന്ദൻ”.
“ആദ്യ പകുതിയിൽ ഫാമിലിയുടെ ഇമോഷൻസാണ് പറയുന്നത്. രണ്ടാം പകുതി മുഴുവൻ വയലൻസ് കൊണ്ട് നിറഞ്ഞ സീനുകളാണ്. മേക്കിംഗും പശ്ചാത്തലസംഗീതവും ഹൊറർ മൂഡിലുള്ളതാണ്. കുറ്റം പറയാനായി ഒന്നുമില്ല. പ്രതീക്ഷിച്ചതിനേക്കാൾ വലിയ സമ്മാനമാണ് മാർക്കോ നൽകിയത്. വെറും വയലൻസ് മാത്രമല്ല, നല്ലൊരു കഥ പറഞ്ഞതിന് ശേഷമാണ് ചിത്രം വയലൻസിലേക്ക് പോകുന്നതെന്നും” പ്രേക്ഷകർ പറയുന്നു.
മനസിന് കട്ടിയില്ലാത്തവർ തിയേറ്ററിൽ വന്ന് സിനിമ കാണരുതെന്നും ഇതുപൊലൊരു വയലൻസ് ചിത്രം അടുത്ത കാലത്ത് വന്നിട്ടില്ലെന്നുമാണ് പ്രേക്ഷകാഭിപ്രായം. പ്രതീക്ഷിച്ചതിനേക്കാൾ വലിയൊരു ക്രിസ്തുമസ് സമ്മാനമാണ് മാർക്കോ ടീം പ്രേക്ഷകർക്ക് നൽകിയതെന്ന് ആദ്യ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്.