വയനാട്: പ്രിയങ്കാ വാദ്രയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിജെപി നേതാവ് നവ്യാ ഹരിദാസ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയാണ് പ്രിയങ്ക മത്സരിച്ചതെന്ന് ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പ്രിയങ്കയെ അയോഗ്യയാക്കണമെന്നും ആവശ്യപ്പെട്ടാണ് നവ്യ ഹർജി നൽകിയിരിക്കുന്നത്.
സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ മറച്ചുവച്ചാണ് മത്സരിച്ചതെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തെ കബളിപ്പിക്കാനാണ് പ്രിയങ്ക ശ്രമിച്ചതെന്നുമാണ് ഹർജിയിലെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പ്രിയങ്ക ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് നവ്യ ചൂണ്ടിക്കാട്ടുന്നത്. ഇതെല്ലാം കണക്കിലെടുത്ത് പ്രിയങ്കയുടെ വിജയം അസാധുവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തെരഞ്ഞെടുപ്പ് ഹർജിയാണ് നവ്യ സമർപ്പിച്ചിരിക്കുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ആറിന് കോടതി പുനരാരംഭിക്കുമ്പോൾ ഹർജി പരിഗണിച്ചേക്കുമെന്നാണ് വിവരം.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിച്ചിരുന്നെങ്കിലും റായ്ബറേലിയിൽ വിജയം നേടിയതിനാൽ വയനാടിനെ തള്ളുകയായിരുന്നു. ഇതോടെയാണ് മണ്ഡലത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ ഉപതെരഞ്ഞെടുപ്പ് ക്ഷണിച്ചുവരുത്തിയതാണെന്നും വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. രാഹുൽ വയനാട് ഉപേക്ഷിച്ചപ്പോൾ പകരമെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സഹോദരി പ്രിയങ്കാ വാദ്ര. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് അവർ വിജയിക്കുകയും ചെയ്തു. എന്നാൽ പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചതുമുതൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ നവ്യ ഹരിദാസ് നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്വത്ത് വിവരങ്ങൾ മറച്ചുവച്ചാണ് പ്രിയങ്ക മത്സരിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് നവ്യ ഹൈക്കോടതിയെ സമീപിപ്പിച്ചത്.