ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗ്. ബിജെപി എംപിമാരെ ആക്രമിച്ച കോൺഗ്രസ് നേതാവ് പാർലമെന്റിൽ ഗുണ്ടായിസം കാണിക്കുന്നു. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ രാഹുലിനേക്കാൾ വലിയ നുണയാൻ ആരുമില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പാർലമെന്റിന് പുറത്ത് ഇരുപക്ഷവും പ്രതിഷേധം ശക്തമാക്കിയതിനുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
“ഇന്ത്യൻ രാഷ്‌ട്രീയത്തിൽ രാഹുലിനേക്കാൾ വലിയ നുണയനില്ല. പ്രതാപ് സാരംഗിനെ ആക്രമിച്ച രാഹുൽ ഗുണ്ടായിസം സൃഷ്ടിക്കുകയാണ്. എഫ്‌ഐആർ ഫയൽ ചെയ്യുമെന്ന് മനസിലായപ്പോൾ വിഷയം വഴിതിരിച്ചുവിട്ട് കള്ളം പറയാൻ തുടങ്ങി. രാഹുലിന്റെ അഹങ്കാരം എല്ലാവരും കണ്ടതാണ്,” ഗിരിരാജ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം പാർലമെന്റിൽ ബിജെപി എംപിമാർക്കെതിരെയുണ്ടായ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രാഹുലിനെതിരെ പ്രധാന വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. അംബേദ്കർ പരാമർശവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പിന്നാലെയായിരുന്നു സംഘർഷവും കയ്യേറ്റവും. രാഹുലിന്റെ ആക്രമണത്തിൽ രണ്ട് ബിജെപി എംപിമാർക്ക് പരിക്കേറ്റിരുന്നു. എംപിമാരായ മുകേഷ് രജ്പുത്തിനും പ്രതാപ്ചന്ദ്ര സാരംഗിനും തലയ്‌ക്കായിരുന്നു പരിക്കേറ്റത്. ബിജെപി വനിതാ എംപി ഫാങ്‌നോൺ കൊന്യാകും രാഹുലിനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു.















