ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ വിന്യസിക്കാൻ100 കെ-9 വജ്ര-T പീരങ്കികൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി ലാർസൻ ആൻഡ് ടൂബ്രോയുമായി (L&T) പ്രതിരോധമന്ത്രാലയം 7,629 കോടി രൂപയുടെ കരാർ ഒപ്പുവച്ചു. ദക്ഷിണ കൊറിയൻ സ്ഥാപനമായ ഹൻവാ ടെക്‌വിന്നിന്റെ സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ ഇവ തദ്ദേശീയമായി നിർമ്മിക്കുകയാണ് ലക്ഷ്യം.
28-38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ചുള്ള ഈ പീരങ്കി തോക്കുകൾ മരുഭൂമിയിലെയും അതിർത്തി പ്രദേശത്തെയും യുദ്ധ സാഹചര്യങ്ങൾക്ക് അനുയോജ്യമാണ്. ലഡാക്ക് ഉൾപ്പെടെയുളള ഉയർന്ന അതിർത്തി മേഖലകളിൽ പൂജ്യത്തിന് താഴെയുള്ള താപനിലയിലും കൃത്യതയോടെ പ്രവർത്തിക്കാൻ ഇവയ്‌ക്ക് കഴിയും. പുതിയ പീരങ്കികളുടെ വരവോടെ ഇത് അതിർത്തി പ്രതിരോധത്തിന് കൂടുതൽ ശക്തിപകരുമെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞു.
100 കെ-9 വജ്ര-T പീരങ്കികൾ വാങ്ങാനുളള പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് സുരക്ഷാ കമ്മിറ്റി ഡിസംബർ 12 ന് അനുമതി നൽകിയിരുന്നു. ഇതുവരെ ഇത്തരത്തിലുള്ള 100 തോക്കുകൾ സൈന്യത്തിന്റെ ഉപയോഗത്തിലുണ്ട്. ഇവയിൽ പലതും നവീകരണങ്ങൾ നടത്തി ലഡാക്ക് മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 2017ൽ 720 മില്യൺ ഡോളറിന്റെ കരാറിന് കീഴിലായിരുന്നു ഈ തോക്കുകളുടെ സംഭരണം.
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ. അതുകൊണ്ടുതന്നെ പുതിയ കരാർ ഇന്ത്യയിലെ ചെറുകിട സംരംഭങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നും നാല് വർഷത്തിനുള്ളിൽ 9 ലക്ഷത്തിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.