ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സഹകരണം സംബന്ധിച്ചുള്ള ചർച്ചകൾ പ്രത്യേക പ്രതിനിധികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ച് ഭാരതം. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാംഗ് യിയും തമ്മിൽ ബീജിംഗിൽ ബുധനാഴ്ചയാണ് ചർച്ചകൾ നടത്തിയത്. അതിർത്തി വ്യാപാരം, കൈലാസ് മാനസരോവർ യാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആദ്യമായാണ് ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്നതും സുപ്രധാന വിഷയങ്ങളിൽ ചർച്ച നടത്തുന്നതും. ഒക്ടോബർ 21ന് ലഡാക്ക് അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് ചൈനയും ഇന്ത്യയും സൈന്യത്തെ പിൻവലിച്ച നടപടിയുടെ പശ്ചാത്തലത്തിലാണ് തുടർന്നുണ്ടായ സംഭവവികാസങ്ങൾ.
അതിർത്തി കടന്നുള്ള സഹകരണം, കൈമാറ്റം എന്നിവയും കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ചും അതിർത്തിയിലെ നദികൾ മുഖേനയുള്ള വ്യാപര കൈമാറ്റത്തെക്കുറിച്ചും പ്രത്യാശ നൽകുന്ന ചർച്ചകളാണ് നടന്നതെന്നാണ് വിവരം. ഇരുരാജ്യങ്ങൾക്കും അനുകൂലമായ രീതിയിലായിരുന്നു ചർച്ച.
2020ലെ ഗൽവാൻ സംഘർഷത്തിന് ശേഷം യഥാർത്ഥ നിയന്ത്രണ രേഖയിൽ യുദ്ധസമാന സാഹചര്യം ഉടലെടുക്കുകയും അതിർത്തിയിൽ ഇരുരാജ്യങ്ങളും സൈന്യത്തെ വിന്യസിക്കുകയും ചെയ്തതോടെ കൈലാസ് മാനസരോവർ യാത്ര നിർത്തിവച്ചിരുന്നു. ഡോവൽ ബീജിംഗിലെത്തി നടത്തിയ ചർച്ചകൾ ഫലം കണ്ട സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും അതിർത്തി കടന്നുള്ള ഇടപാടുകളും സുഗമമായി പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.















