നടൻ അർജുൻ അശോകനെതിരെ യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു കോളജ് യൂണിയൻ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് അർജുൻ അശോകൻ നടത്തിയ പ്രസംഗമാണ് വിമർശന വിധേയമാകുന്നത്.
“സാധാരണ യൂണിയൻ ഡേയ്‌ക്കും കോളജ് ഡേയ്‌ക്കും മാത്രമാണ് കോളജിൽ പോയിരുന്നത്. അറ്റൻഡൻസ് കുറവാണെങ്കിലും മൂന്ന് സപ്ലിയോടെ കോളജ് പാസായ വ്യക്തിയാണ് ഞാൻ. എന്തൊ ഭാഗ്യം കൊണ്ട് ഒരു നടനായി മാറി. സ്റ്റേജിന്റെ പുറകിൽ നിന്ന് ഞാൻ ഇന്ന് ചീഫ് ഗസ്റ്റായി ഇരിക്കുന്നുണ്ട്. അതുകൊണ്ട് കുറച്ച് പഠിക്കുക മാക്സിമം അലമ്പുക”… എന്നിങ്ങനെ പോകുന്ന നടന്റെ വാക്കുകൾ.
കുറച്ചു പഠിക്കുക മാക്സിമം അലമ്പുക എന്നത് നെപ്പോ കിഡ്ഡിന്റെ വിവരക്കേട് മാത്രമാണെന്ന് ശ്യാംരാജ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“ഹരിശ്രീ അശോകന്റെ മകന് പലതും പറയാം. ഒരു പക്ഷേ അദ്ദേഹത്തിന്റെ പിതാവ് സാക്ഷാൽ ഹരിശ്രീ അശോകനായിരുന്നു ഈ സ്ഥാനത്തെങ്കിൽ അദ്ദേഹം ഇങ്ങനെയായിരിക്കില്ല പറയുകയെന്ന് ശ്യാംരാജ് പ്രശ്സ്തനായ ഒരു സിനിമാ നടന്റെ മകനായി എല്ലാ പ്രിവിലേജുകളോടു കൂടിയും ജനിച്ചു വീണ അർജുൻ അശോകന് നന്നായി ഉഴപ്പാം. സിനിമയിൽ ചാൻസ് വാങ്ങി നൽകാനൊക്കെ അദ്ദേഹത്തിന്റെ പിതാവിന് എളുപ്പത്തിൽ കഴിയുകയും ചെയ്യും.
ഇനി അതില്ലെങ്കിൽ അർജുനും അദ്ദേഹത്തിന്റെ വരും തലമുറകൾക്ക് ജീവിക്കാനുള്ളത്ര സമ്പത്ത് സാക്ഷാൽ ഹരിശ്രീ അശോകൻ ഉണ്ടാക്കിയിട്ടിട്ടും ഉണ്ടാവും. എന്നാൽ ഈ വിവരക്കേട് കേട്ടിട്ട് കയ്യടിക്കുന്ന വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷം പേരുടേയും വീടുകളിൽ അടുപ്പു പുകയണമെങ്കിൽ പഠിച്ച് എന്തെങ്കിലും ആയേ മതിയാവൂ…അതു കൊണ്ട് കുട്ടികളേ , നന്നായി പഠിയ്‌ക്കുക, സ്വപ്നങ്ങൾക്ക് പുറകേ പോവുക, ഒട്ടും ഉഴപ്പാതിരിയ്‌ക്കുക”- ശ്യാംരാജ് പറഞ്ഞു.