അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇഷ്ട സിനിമകളിൽ പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’. മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും അഭിനയിച്ച ചിത്രം ഒബാമയുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്താണുള്ളത്. 2024-ൽ ഏറ്റവും കൂടുതൽ ആസ്വദിച്ച ചിത്രങ്ങളാണ് ഒബാമ പങ്കുവച്ചത്. പത്ത് സിനിമകളുടെ പട്ടികയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവച്ചിരിക്കുന്നത്.
കോൺക്ലേവ്, ദി പിയാനോ ലെസൺ, ദി പ്രോമിസ്ഡ് ലാൻഡ്, അനോറ, ദീദി എന്നീ ചിത്രങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. വിവിധ രാജ്യാന്തര പുരസ്കാരങ്ങളും കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരവും നേടിയ ‘ഓൾ വി ഇമോജിൻ അസ് ലൈറ്റ്’ വലിയ തോതിൽ ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പ്രമേയം വലിയ രീതിയിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അസീസ് നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.
Here are a few movies I’d recommend checking out this year. pic.twitter.com/UtdKmsNUE8
— Barack Obama (@BarackObama) December 20, 2024
മുംബൈയിൽ താമസിക്കുന്ന രണ്ട് യുവതികളുടെ കഥ പറയുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’. നഴ്സുമാരായ യുവതികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. പായൽ കപാഡിയ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മുംബൈയിലായിരുന്നു ചിത്രീകരണം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരവും ചിത്രം സ്വന്തമാക്കി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പായൽ കപാഡിയ ഏറ്റുവാങ്ങി.