ഭർതൃവീട്ടിൽ 32 കാരിയായ ആശാ വർക്കർക്ക് ക്രൂര പീഡനം. യുവതിയെ നഗ്നയാക്കി ഇരുമ്പ് വടികൊണ്ട് ഇരു തുടകളിലും പൊള്ളിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി തേക്കുകയും ചെയ്തു. അയൽവാസിയായ യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂര പീഡനം അരങ്ങേറിയത്.
ഡിസംബർ 13 ന് നടന്ന സംഭവം ശനിയാഴ്ചയാണ് പുറത്ത് വന്നത്. മദ്ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. സ്റ്റീം മെഷിനായി അയൽവാസിയായ യുവാവ് യുവതിയുടെ വീട്ടിൽ എത്തി. മെഷിൻ എടുക്കാനായി അകത്തേക്ക് പോയപ്പോൾ അയൽവാസി പിന്തുടരുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭർത്യസഹോദര ഭാര്യ എത്തിയതോടെ അയൽവാസിയെ ഓടി രക്ഷപ്പെട്ടു.
ഈ സംഭവം അമ്മായിയമ്മയെ ചൊടിപ്പിച്ചു. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്നും കുടുംബത്തിന് മനക്കേടുണ്ടാക്കിയെന്നും പറഞ്ഞ് യുവതിയെ അടിക്കാൻ തുടങ്ങി. ഭർത്താവും ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. രാത്രി മുഴുവൻ ക്രൂരമായി ഉപദ്രവിച്ച ശേഷം പിറ്റേന്ന് രാവിലെ നഗ്നയാക്കി മുറ്റത്ത് എറിയുകയും ചെയ്തു. തുടർന്ന് ഭർത്താവും കുടുംബവും ചേർന്ന് ഗുണയിലെ ഗോപിസാഗർ അണക്കെട്ടിൽ ഉപേക്ഷിച്ചു.
ഒടുവിൽ ഒരു വഴിയാത്രക്കാരൻ അറിയിതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഭർതൃമാതാവ്, ഭർത്താവ്, സഹോദരീഭർത്താവ്, അയൽവാസി എന്നിവർക്കെതിരെ ഭാരതീയന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.