ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്ക് തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിന് പ്രത്യേക സർവീസുകൾ അനുവദിച്ച റെയിൽവേയ്ക്ക് നന്ദിയറിയിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. താൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ക്രിസ്മസ്, ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾക്ക് അനുമതി നൽകിയതിന് മന്ത്രി അശ്വിനി വൈഷ്ണവിന് ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
2024-ലെ ക്രിസ്മസ് ഫെസ്റ്റിവലിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലായി 149 പ്രത്യേക ട്രെയിൻ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു. ചെന്നൈ, മംഗളൂരു, മുംബൈ ലോകമാന്യതിലക് എന്നിവിടങ്ങളില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തും.
ശബരിമല തീർത്ഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യന്റെ അഭ്യർത്ഥന മാനിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഓപ്പറേഷന് അനുമതി നൽകുകയായിരുന്നു. ഉത്സവ സീസണിൽ ജനങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കാൻ പ്രഖ്യാപനം സഹായകമാകും.
ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ:
● സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR): 17 ട്രിപ്പുകൾ
● സെൻട്രൽ റെയിൽവേ (CR): 48 ട്രിപ്പുകൾ
● നോർത്തേൺ റെയിൽവേ (NR): 22 ട്രിപ്പുകൾ
● സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR): 2 ട്രിപ്പുകൾ
● പശ്ചിമ റെയിൽവേ (WR): 56 ട്രിപ്പുകൾ
● വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR): 4 ട്രിപ്പുകൾ
ശബരിമല തീർത്ഥാടനത്തിനായി കേരളത്തിലേക്ക് 416 പ്രത്യേക ട്രിപ്പുകൾ:
● സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR): 42 ട്രിപ്പുകൾ
● ദക്ഷിണ റെയിൽവേ (SR): 138 ട്രിപ്പുകൾ
● സൗത്ത് സെൻട്രൽ റെയിൽവേ (SCR): 192 ട്രിപ്പുകൾ
● ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECOR): 44 ട്രിപ്പുകൾ
അവധിക്കാലത്ത് ആവശ്യക്കാരുടെ കുതിപ്പ് പരിഹരിക്കുന്നതിനൊപ്പം യാത്രക്കാർക്ക് സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം.