കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിന്റെ ആദ്യ പരിപാടിയെന്ന നിലയിൽ 1500-ഓളം ഇന്ത്യൻ പൗരന്മാരടങ്ങുന്ന തൊഴിലാളിക്യാമ്പ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
കുവൈത്തിലെ മിന അബ്ദുല്ല മേഖലയിൽ സ്ഥിതിചെയ്യുന്ന ക്യാമ്പാണ് സന്ദർശിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
അവരോടൊപ്പം ഇരുന്ന് അവരുടെ ക്ഷേമം ആരായുകയും ചെയ്തതിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
ഇതിന്റെ ഹൃദയസ്പർശിയായ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിന് പ്രധാനമന്ത്രി നൽകുന്ന പ്രാധാന്യത്തിന്റെ പ്രതീകം കൂടിയായാണ് തൊഴിലാളിക്യാമ്പ് സന്ദർശനത്തെ വിലയിരുത്തുന്നത്.
വിദേശത്തെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇ-മൈഗ്രേറ്റ് പോർട്ടൽ, മദദ് പോർട്ടൽ, നവീകരിച്ച പ്രവാസി ഭാരതീയ ബീമാ യോജന തുടങ്ങി നിരവധി സാങ്കേതികാധിഷ്ഠിത സംരംഭങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിന് വലിയ മുൻഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നതെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ദ്വിദിന സന്ദർശനത്തിനായി കുവൈത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടുത്തെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.