തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിക്ക് ഇനി 30 സംഘടനാ ജില്ലകൾ ഉണ്ടായിരിക്കും. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചതാണിത്. നിലവിൽ റവന്യൂ ജില്ലകൾ തന്നെയാണ് സംഘടനാ ജില്ലകളും.
എന്നാൽ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിക്കുകയായിരുന്നു. പത്തനംതിട്ട, വയനാട്, കാസർകോട് എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളെയാണ് വിഭജിച്ചത്. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളെ മൂന്നാക്കിയാണ് വിഭജിച്ചിരിക്കുന്നത്. മറ്റ് ആറ് ജില്ലകളെ രണ്ടായി വിഭജിച്ചു.
കഴിഞ്ഞ സംഘടനാ പുനഃസംഘടനയ്‌ക്ക് മുന്നോടിയായി നിയമസഭാ മണ്ഡലങ്ങളെ ബി.ജെ.പി. രണ്ടായി വിഭജിച്ചിരുന്നു. നിലവിൽ ബിജെപിക്ക് കേരളത്തിൽ 280 മണ്ഡലം കമ്മിറ്റികൾ ഉണ്ട് . ഏതാണ്ട് അഞ്ചു പഞ്ചായത്തുകളാണ് ഒരു മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ഉണ്ടാവുക.
നിയമസഭാ മണ്ഡലങ്ങളെ ബി.ജെ.പി. രണ്ടായി വിഭജിച്ച നീക്കം വൻ രാഷ്‌ട്രീയ മുന്നേറ്റവും സംഘടനാ പരമായി ഉണർവ്വും ഉണ്ടാക്കി കൊടുത്തതിന് പിന്നാലെയാണ് ജില്ലാക്കമ്മിറ്റികളെയും വിഭജിക്കുന്ന ഇപ്പോഴത്തെ നീക്കം. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ കേരള രാഷ്‌ട്രീയത്തിൽ ഈ നീക്കം വൻ ചലനം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. കോര്‍പ്പറേഷനുകളിൽ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി. സുസംഘടിതമായ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.