ന്യൂഡൽഹി: ഉയർന്ന വില നൽകാൻ ബുദ്ധിമുട്ടുള്ളതിനാൽ വിമാനത്താവളങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കാൻ മിക്കവർക്കും മടിയാണ്. ഇതിന് പരിഹാരമായി ‘ഉഡാൻ യാത്രി കഫെ’ അവതരിപ്പിച്ച് വ്യോമയാന മന്ത്രാലയം. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ ആരംഭിച്ച ആദ്യ കഫെയുടെ ഉദ്ഘാടനം വ്യോമയാന മന്ത്രി കെ രാംമോഹൻ നിർവഹിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻ്റർനാഷണൽ എയർപോർട്ടിന്റെ 100-ാം വാർഷികവും ഉഡാൻ പദ്ധതിയുടെ എട്ടാം വാർഷികവും പ്രമാണിച്ചാണ് കൊൽക്കത്ത വിമാനത്താവളത്തിനെ ഇതിനായി തിരഞ്ഞെടുത്തത്. പദ്ധതി വിജയകരമായാൽ ഏയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. മിതമായ നിരക്കിൽ വാട്ടർ ബോട്ടിലുകൾ, ചായ, കാപ്പി, ലഘുഭക്ഷണം തുടങ്ങി അവശ്യ വസ്തുക്കൾ വരെ ഉഡാൻ യാത്രി കഫെയിൽ നിന്നും ലഭ്യമാകും.
നേരത്തെ ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഉഡാൻ പദ്ധതി നടപ്പാക്കിയത്. ഇതോടെയാണ് ആഭ്യന്തര യാത്രക്കാർ കൂട്ടത്തൊടെ ആകാശയാത്രയിലേക്ക് മാറിയത്. കൂടിയ വില നൽകി ഭക്ഷണം വാങ്ങാനുള്ള ആഭ്യന്തര യാത്രക്കാരുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് കഫെയ്‌ക്ക് ആരംഭിക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്.