മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തത് കാൽമുട്ടിനേറ്റ പരിക്ക് കാരണമെന്ന് റിപ്പോർട്ടുകൾ. വിജയ് ഹസാരെക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ച ടീമിൽ സഞ്ജുവുണ്ടായിരുന്നില്ല. ടീമിലെ സഞ്ജുവിന്റെ അഭാവം ആരാധകർക്കിടയിൽ ചർച്ചകൾക്കും വഴിവച്ചിരുന്നു. സീനിയർ താരം സച്ചിൻ ബേബിയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം പുറത്തുവന്ന സഞ്ജുവിന്റെ ചിത്രങ്ങളാണ് താരത്തിന് പരിക്കേറ്റതായുള്ള അഭ്യൂഹങ്ങൾ ബലപ്പെടുത്തുന്നത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഭാര്യ ചാരുലതയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സഞ്ജുവിന്റെ ചിത്രമാണ് ആരാധകരെ സംശയത്തിലാക്കിയത്. ഇതിൽ സഞ്ജുവിന്റെ ഇടതു കാൽമുട്ടിൽ കെട്ടുള്ളതായി കാണാം. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിലും കാലിൽ പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് നിസാരമാണെന്നും ക്രിസ്മസ് അവധിക്ക് ശേഷം സഞ്ജു കേരള ടീമിനൊപ്പം ചേരുമെന്നാണ് ചില റിപ്പോർട്ടുകൾ.
സഞ്ജുവിന് പരിക്കുണ്ടെന്ന തരത്തിൽ ആദ്യം പ്രതികരണം നടത്തിയത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയാണ്. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ വിജയ് ഹസാരെയിലെ സഞ്ജുവിന്റെ പ്രകടനം നിർണായകമാണെന്ന് യൂട്യൂബ് വീഡിയോയിൽ ആകാശ് ചോപ്ര പറഞ്ഞിരുന്നു. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ കേരളാ ടീമിനെ നയിച്ചത് സഞ്ജുവായിരുന്നു.