ദുബായ്: ദുബായിൽനിന്ന് മറ്റ് എമിറേറ്റുകളിലേക്ക് ബസ്, ആഡംബര വാഹനങ്ങൾ എന്നിവയിൽ അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ. സ്വകാര്യ കമ്പനികൾക്ക് ബസുകളും ആഡംബര വാഹനങ്ങളും വാടകയ്‌ക്ക് എടുത്ത് സർവീസുകൾ നടത്തുന്നതിന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പെർമിറ്റ് എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി
അനുമതിയില്ലാതെ ആഡംബര വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയാൽ 20,000 ദിർഹവും ബസുകളിൽ ആളുകളെ കയറ്റിയാൽ 10,000 ദിർഹവുമാണ് പിഴ. സ്വകാര്യ കമ്പനികൾക്ക് ബസുകളും ആഡംബര വാഹനങ്ങളും വാടകയ്‌ക്ക് എടുത്ത് സർവീസുകൾ നടത്തുന്നതിന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നഖ്‌ൽ സേവനം വഴി ഡിജിറ്റൽ പെർമിറ്റ് എടുക്കണം .
ആർ.ടി.എ.യുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വാഹന ഉടമസ്ഥത തെളിയിക്കുന്ന രേഖ, അപേക്ഷിക്കുന്ന സ്ഥാപനവും വാടക വാഹനക്കമ്പനിയും തമ്മിലുള്ള ഗതാഗതക്കരാറിന്റെ പകർപ്പ്, ട്രേഡ് ലൈസൻസിന്റെ പകർപ്പ്, ഡ്രൈവറുടെ ലൈസൻസിന്റെ പകർപ്പ്, ഡ്രൈവറുടെ ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സേവന നിരക്ക് നൽകേണ്ടത്







