കോട്ട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലുധാവാല എന്ന പ്രദേശം.. മുസ്ലീം ഭൂരിപക്ഷ മേഖല.. യുപിയിലെ മുസാഫർനഗറിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ 1971ൽ പണികഴിപ്പിക്കപ്പെട്ട ഒരു ശിവക്ഷേത്രമുണ്ട്. എന്നാൽ 1992ൽ അയോദ്ധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട നിമിഷം മുതൽ ഈ ശിവക്ഷേത്രം അടഞ്ഞുകിടക്കുകയായിരുന്നു.
തർക്കമന്ദിരം തകർത്തതിന് പിന്നാലെയുണ്ടായ വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുസാഫർനഗറിലെ ശിവക്ഷേത്രം അടച്ചത്. അവിടെയുണ്ടായിരുന്ന പ്രതിഷ്ഠകളും ശിവലിംഗവും നെഞ്ചോട് ചേർത്ത് പ്രദേശത്തെ ഹിന്ദുക്കൾ ഓടിയൊളിച്ചു. വർഷങ്ങൾ കടന്നുപോയി. കൃത്യമായി പറഞ്ഞാൽ മൂന്ന് ദശാബ്ദക്കാലം. എന്നാലിന്ന് അവിടം ശാന്തസുന്ദരമാണ്, വർഗീയ സംഘർഷങ്ങളിൽ നിന്ന് മുക്തമാണ്. അങ്ങനെ.. 32 വർഷത്തിന് ശേഷം ആ ശിവക്ഷേത്രം വീണ്ടും തുറന്നു.
ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന ശോഭായാത്രയ്‌ക്ക് പുഷ്പവൃഷ്ടി നടത്തിയത് പ്രദേശത്തെ മുസ്ലീങ്ങളായിരുന്നു. പുനപ്രതിഷ്ഠാ ചടങ്ങിനെ അവിടെയുള്ളവർ ‘ഹവൻ’ എന്നാണ് വിശേഷിപ്പിച്ചത്. എല്ലാ ചടങ്ങുകളും ശാന്തമായി പൂർത്തിയായെന്ന് സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ യാതൊരു കുഴപ്പങ്ങളുമില്ലാതെ ചടങ്ങുകൾ നടന്നു. സ്വാമി യശ്വർ മഹാരാജിന്റെ നേതൃത്വത്തിലെത്തിയ സംഘം സമാധാനപരമായി മടങ്ങിയെന്നും സിറ്റി മജിസ്ട്രേറ്റ് അറിയിച്ചു.ശുദ്ധീകരണക്രിയകൾക്ക് ശേഷമാണ് ഡിസംബർ 23ന് ക്ഷേത്രം തുറന്നത്. ചടങ്ങിന് സ്വാമി യശ്വർ മഹാരാജ് നേതൃത്വം നൽകി.