കണ്ണൂർ: പാഞ്ഞുവരുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികൻ. കണ്ണൂർ പന്നിയൻപാറ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ ദിവസം ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ് കടന്നുപോയപ്പോഴാണ് സംഭവം. പന്നിയൻപാറ സ്വദേശിയായ പവിത്രനാണ് ട്രെയിനിനടിയിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
വീഡിയോ കണ്ട ചിലർ ഇയാൾ മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ചിരുന്നു. സംഭവ സമയത്ത് സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. എന്നാൽ വീഡിയോ വൈറലായതോടെ സംശയങ്ങൾക്കുമറുപടിയുമായി പവിത്രൻ തന്നെ രംഗത്തെത്തി.താൻ മദ്യപിക്കുന്ന ആളല്ല. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരും വഴിയാണ് സംഭവം. ട്രെയിൻ മുന്നിലെത്തിയപ്പോഴാണ് കണ്ടത്. അപ്പുറത്തേക്കും ഇപ്പുറത്തേക്കും മാറാൻ പറ്റില്ലെന്ന് വന്നതോടെ കുമ്പിട്ട് കിടക്കുകയായിരുന്നു. ട്രെയിൻ പോയതിനുശേഷം എഴുന്നേറ്റ് വീട്ടിലേക്കു പോയെന്നും പവിത്രൻ പറയുന്നു.
എന്നാൽ ജീവിതവും മരണവും മുഖാമുഖം കണ്ടതിന്റെ പേടി ഇപ്പോഴും മാറിയിട്ടില്ലെന്ന് പവിത്രൻ പറയുന്നു. “ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. നന്നായി പേടിച്ചിരുന്നു, ട്രെയിൻ വന്നതറിയാതെ പെട്ടുപോയതാണ്,” പവിത്രൻ പറഞ്ഞു. സ്കൂൾ ബസിലെ കിളിയായി ജോലി ചെയ്യുകയാണിയാൾ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് സംഭവം. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.