ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആയിരത്തോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഹിമാചലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുളു, മണാലി എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കുടുങ്ങിയത്. ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്.
മഞ്ഞുവീഴ്ച ശക്തമായതോടെ ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തി റോഡിലെ മഞ്ഞുകൂമ്പാരങ്ങൾ മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. 12 മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് മഞ്ഞുകൂമ്പാരങ്ങൾക്കിടയിൽ നിന്ന് വാഹനങ്ങൾ പുറത്തെടുത്തത്. നൂറോളം വാഹനങ്ങൾ ഇനിയും പുറത്തെടുക്കാനുണ്ട്.
ഉന്നത ഉദ്യോഗസ്ഥർ എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. മഞ്ഞുവീഴ്ച ശക്തമാകുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി മണാലി, കുളു ഉൾപ്പെടെ ഷിംലയിലെ വിവിധയിടങ്ങളിലെ റിസോർട്ടുകളിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വിനോദസഞ്ചാരികൾക്കായി പ്രത്യേകം ടൂറിസം പാക്കേജുകളും റിസോർട്ടുകളിൽ ഒരുക്കിയിട്ടുണ്ട്.