അസ്താന: പാസഞ്ചർ വിമാനം തകർന്നുവീണ് അപകടം. കസാക്കിസ്ഥാനിലെ അക്തൗ എയർപോർട്ടിലാണ് വിമാനം പതിച്ചത്. കസാക്കിസ്ഥാൻ എമർജൻസീസ് മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് റഷ്യൻ ന്യൂസ് ഏജൻസികളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
Kazakh media reports that the plane flying from Baku to Grozny crashed at Aktau airport.
Before that, the plane made several circles over the airport. pic.twitter.com/rbcxjejFxR
— Портал Blog-Club.org (@blogclub_org) December 25, 2024
അസർബൈജാൻ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. നിലംതൊട്ട വിമാനം തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയും ചെയ്തു. വിമാനത്തിൽ 110 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ചില കസാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അപകടത്തിന് തൊട്ടുമുൻപ് വിമാനം നിരവധി തവണ ആകാശത്ത് വട്ടമിട്ട് പറന്നിരുന്നു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ആരോഗ്യനില സംബന്ധിച്ചും വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിരവധി പേർ അപകടത്തിൽ മരിച്ചതായാണ് സൂചന. വിമാനം നിലംപതിക്കുന്നതിന്റെയും പൊട്ടിത്തെറിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവസ്ഥലത്തേക്ക് ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തിയെന്ന് കസാക്കിസ്ഥാൻ സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. ചില യാത്രക്കാരെ രക്ഷിക്കാൻ കഴിഞ്ഞെന്നാണ് പ്രാഥമിക വിവരം. 12 പേരെ ആശുപത്രിയിലെത്തിച്ചതായി ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.