തൃശൂർ: ഭരണഘടനയെ കശാപ്പു ചെയ്തത് എംവി ഗോവിന്ദന്റെ പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഏത് ഗവർണർ വന്നാലും പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും കള്ളത്തരങ്ങൾ നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബിഹാറിന്റെ ചുമതല നൽകുകയും ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരളാ ഗവർണർ ആവുകയും ചെയ്യുമെന്ന് രാഷ്‌ട്രപതിയുടെ ഉത്തരവു പുറത്തുവന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ വാക്കുകൾ.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിച്ചിരുന്നു. പുതിയ ഗവര്‍ണര്‍ സര്‍ക്കാരിനൊപ്പം യോജിച്ച് ഭരണഘടനാപരമായി പ്രവര്‍ത്തിക്കണമെന്നായിരുന്നു എംവി ഗോവിന്ദന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് പിണറായി വിജയൻ സർക്കാരാണെന്ന് സുരേന്ദ്രൻ മറുപടി നൽകി.
സർവ്വകലാശാലകളെ മുഴുവൻ സ്വന്തം കൈപ്പിടിയിൽ ഒതുക്കാനും രാഷ്‌ട്രീയവത്കരിക്കാനും സംസ്ഥാന സർക്കാർ ശ്രമം നടത്തിയപ്പോഴാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതിനെതിരെ ശക്തമായ നിലപാടെടുത്തത്. നിയമസഭയെ നോക്കുകുത്തിയാക്കി ജനാധിപത്യ വിരുദ്ധമായ ബില്ലുകൾ സംസ്ഥാന സർക്കാർ കൊണ്ടുവന്നപ്പോൾ ഗവർണർ പിടിച്ചുവച്ചു. കഴിഞ്ഞ 5 വർഷം പല കാര്യങ്ങളിലും സിപിഎമ്മിനും സർക്കാരിനും പൊതുസമൂഹത്തോട് മറുപടി പറയേണ്ടി വന്നു. അതിന്റെ ജാള്യതയാണ് എംവി ഗോവിന്ദന്. ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണറോട് സിപിഎമ്മിനുള്ള വൈരാഗ്യം ആർക്കും മനസിലാകുന്നതാണ്.
ആരിഫ് മുഹമ്മദ് ഖാൻ പോയി വേറെ ഗവർണർ എത്തിയാൽ ഇവിടെ കള്ളത്തരങ്ങൾ നടത്താമെന്നാണ് സിപിഎം വിചാരിക്കുന്നത്. എന്നാൽ ഏതു ഗവർണർ വന്നാലും പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും കള്ളത്തരങ്ങൾ നടക്കില്ലെന്നും പുതിയ ഗവർണറെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ചില സംശയങ്ങൾ ചിലരിൽ ഉയരുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.















