കൊച്ചി: ഉത്സവങ്ങളിലെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളും നിബന്ധനകളും സർക്കാർ പരിപാടികളിലും ബാധകമാണെന്ന് ഹൈക്കോടതി. ഉത്സവകാലത്ത് ടൂറിസം പ്രൊമോഷൻ കൗൺസിൽ നടത്തുന്ന പരിപാടികൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പരാമർശം.
നിയമത്തെ രണ്ട് തരത്തിൽ വ്യാഖ്യാനിക്കരുതെന്നും സർക്കാരിനും, പൗരനും ഇരട്ടനീതി വേണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ മേൽനോട്ടത്തിലുള്ള ടൂറിസം പരിപാടികളിലും നിർബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
ഒക്ടോബർ 11ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വെടിക്കെട്ട് നടത്തുന്നതിന് ഫയർ ഡിസ്പ്ലേ അസിസ്റ്റന്റ് അല്ലെങ്കിൽ ഫയർ ഡിസ്പ്ലേ ഓപ്പറേറ്ററെ നിയമിക്കണം. ചീഫ് എക്സ്പ്ലോസീവ്സ് കൺട്രോളറുടെ സർട്ടിഫിക്കറ്റോടു കൂടി മാത്രമേ വെടിക്കെട്ടിനുള്ള അനുമതിക്ക് അപേക്ഷിക്കാൻ സാധിക്കൂ. ഈ നിബന്ധനകൾ പാലിച്ചില്ലെന്ന് കാണിച്ച് പാലക്കാട്ടെ ഏതാനും ആരാധനാലയങ്ങളിലെ വെടിക്കെട്ടിന് ജില്ലാ കലക്ടർമാർ അനുമതി നിഷേധിച്ചിരുന്നു. അനുമതി നിഷേധിക്കപ്പെട്ട ആരാധനാലയങ്ങളുടെ ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ.
പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ടൂറിസം പ്രമോഷൻ കൗൺസിൽ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പുതുവർഷത്തെ വരവേൽക്കാൻ നടത്തുന്ന പരിപടികളിൽ ആഘോഷത്തിന് പൊലിമ കൂട്ടാൻ വലിയ തോതിലല്ലെങ്കിലും കരിമരുന്ന് പ്രയോഗം ഉൾപ്പെടുത്താറുണ്ട്. ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം പുനപ്പരിശോധിക്കേണ്ടി വരും.
ഫയർ ഡിസ്പ്ലേ ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ലെന്നും, അതിനാൽ വെടിക്കെട്ടിന് അനുമതി നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല. വിഷയത്തിൽ പ്രായോഗിക പരിഹാരം അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. ചട്ടങ്ങൾ നിലനിൽക്കുമ്പോൾ വെടിക്കെട്ടിനുള്ള അനുമതിക്കായി ഇളവ് നൽകാൻ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.ഈശ്വരൻ വ്യക്തമാക്കി.
പുതിയ കേന്ദ്ര വിജ്ഞാപനത്തിലെ മാനദണ്ഡങ്ങൾ പാലിച്ചാൽ വെടിക്കെട്ടിന് അനുമതി നൽകാം. ചീഫ് എക്സ്പ്ലോസീവ് കൺട്രോളറുടെ സാക്ഷ്യപത്രത്തോടെ വെടിക്കെട്ടിന് വീണ്ടും അനുമതി അപേക്ഷ സമർപ്പിക്കാനും ഹൈക്കോടതി ഹർജിക്കാർക്ക് നിർദേശം നൽകി.
സ്ഫോടക വസ്തു നിയമവുമായി ബന്ധപ്പെട്ട് 35 ഭേദഗതികളുമായിട്ടാണ് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയത്. വെടിക്കെട്ടിനുളള സാധനങ്ങൾ സംഭരിക്കുന്ന സ്ഥലവും വെടിക്കെട്ട് നടത്തുന്ന ഫയർലൈനുമായി 200 മീറ്റർ അകലം വേണമെന്നതാണ് പ്രധാന നിബന്ധന. 45 മീറ്റർ അകലമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.
ഫയർലൈനിൽ നിന്ന് 100 മീറ്റർ അകലെയായിരിക്കണം വെടിക്കെട്ട് പുര. വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡിൽ നിന്ന് 100 മീറ്റർ അകലെ ബാരിക്കേഡ് വെച്ച് മാത്രമേ ജനങ്ങളെ നിർത്താവൂ എന്നും നിർദ്ദേശങ്ങളിലുണ്ട്. ഹൈക്കോടതി പരാമർശങ്ങളോടെ സർക്കാർ പരിപാടികളിൽ കരിമരുന്ന് പ്രയോഗം ഉൾപ്പെടുത്തുമ്പോഴും ഇത്തരം നിബന്ധനകൾ കർശനമായി പാലിക്കേണ്ടതായി വരും.