തൃശൂർ മേയർ എം.കെ വർഗീസിനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്തവ ഭവനങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കുന്ന ‘സ്നേഹയാത്ര’യോടനുബന്ധിച്ചാണ് ബിജെപി അദ്ധ്യക്ഷന്റെ സന്ദർശനം. ക്രിസ്മസ് ദിനത്തിൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിനെ സന്ദർശിച്ച് മധുരം കൈമാറിയതിന് ശേഷമാണ് കെ. സുരേന്ദ്രനും മറ്റ് ബിജെപി നേതാക്കളും തൃശൂർ മേയറെ സന്ദർശിക്കാൻ വീട്ടിലെത്തിയത്. തൃശൂർ ജില്ല അദ്ധ്യക്ഷൻ കെ.കെ അനീഷ്കുമാർ അടക്കമുള്ളവർ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
സുരേന്ദ്രൻ ജി വന്നതിൽ സന്തോഷമുണ്ടെന്നും ക്രിസ്മസ് ദിവസം ആരുവന്നാലും സ്വീകരിക്കുമെന്നും മേയർ എം.കെ വർഗീസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസകൾ കൈമാറാനും കേക്ക് നൽകാനും വേണ്ടിയാണ് മേയറെ കാണാനെത്തിയതെന്ന് കെ. സുരേന്ദ്രനും പറഞ്ഞു.
എല്ലാ ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും ബിജെപി പ്രവർത്തകർ ക്രിസ്മസ് സന്ദേശവുമായി പോകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മേയറെ കാണാനുമെത്തിയത്. സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയുമൊക്കെ ആഘോഷമാണ് ക്രിസ്മസ്. മലയാളികളെല്ലാവരും ഇത് ഒത്തൊരുമിച്ച് ആഘോഷിക്കുന്നതുമാണ്. കഴിഞ്ഞ നാല് വർഷമായി ബിജെപി ഈയവസരത്തിൽ ‘സ്നേഹയാത്ര’ നടത്തുന്നുണ്ട്. ഡിസംബർ 20 മുതൽ ആരംഭിച്ച സ്നേഹയാത്ര 31 വരെ തുടരുമെന്നും കെ. സുരേന്ദ്രൻ അറിയിച്ചു.